പാലക്കാട്: അമ്പലപ്പാറയിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. അമ്പലപ്പാറ പൊട്ടച്ചിറ സ്വദേശി സന്തോഷ് കുമാറിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
സ്‌കൂട്ടറിൽ പോകുകയായിരുന്ന സന്തോഷിനെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം ബലമായി കാറിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. സ്‌കോർപിയോ കാറിലെത്തിയ അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ആക്രമണം ചെറുത്ത സന്തോഷ് സമീപത്തെ വീട്ടിലേക്ക് ഓടി കയറി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആളുകൾ ഓടികൂടിയതോടെ അക്രമികൾ കടന്നുകളഞ്ഞു. സമീപത്തെ സിസിടിവിയിൽ കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.















