ആലപ്പുഴ: സ്വന്തമായൊരു വീടെന്ന സ്വപ്‌നം എല്ലാവരുടെയും ആഗ്രഹമാണ്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഗവേഷിനും മുടങ്ങി പോയ വീട് പണി പൂർത്തികരിക്കണമെന്ന ആഗ്രഹമുണ്ട്. ഗവേഷിന്റെ സ്വപനങ്ങൾക്ക് കരുത്ത് പകരുന്നതാകട്ടെ ഒമ്പതു വയസുകാരിയായ മകൾ ഗൗരിയും. വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിലും പിതാവിന് താങ്ങും തണലുമായി ബൾബുകൾ നിർമിക്കുകയാണ് ആ കൊച്ചുമിടുക്കി. എന്നാൽ അവൾ നിർമിക്കുന്ന ബൾബുകളെക്കാൾ ഏറെ വെളിച്ചമുണ്ട് അവളുടെ മനസിലെ വീടെന്ന സ്വപ്‌നത്തിന്.
മണ്ണഞ്ചേരി പൊന്നാട് എൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗരി. വാത്തുശേരി വിജി ഗവേഷിന്റെയും ആതിരയുടെയും മകൾ. ഇലക്ട്രിക് ജോലികൾ ചെയ്ത് കുടുംബം പുലർത്തിയിരുന്ന ഗവേഷിന് അടുത്തിടെ വയറ്റിൽ ശസ്ത്രക്രിയ നടത്തിയതോടെ ഭാരമുള്ള ജോലികളിൽ ഏർപ്പെടരുതെന്ന് ഡോക്ടർമാർ നിർദേശിച്ചു. തുടർന്നാണ് ചെറുകിട വ്യവസായമായി എൽഇഡി ബൾബ് നിർമാണ യൂണിറ്റ് തുടങ്ങിയത്.
ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുന്നതിന് മുമ്പ് ചെറിയൊരു വീട് നിർമിക്കുന്നതിന് അദ്ദേഹം തുടക്കമിട്ടിരുന്നു. എന്നാൽ ജോലി ചെയ്യാൻ സാധിക്കാതെ വന്നതോടെ വീടുപണിയും മുടങ്ങി. ബൾബുകൾ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടുപണി പൂർത്തീകരിക്കാൻ സാധിക്കുമെന്നായിരുന്നു, പുതിയ വീട്ടിലേക്ക് എപ്പോൾ മാറുമെന്ന ഗൗരിയുടെ ചോദ്യത്തിന് ഗവേഷ് മറുപടി നൽകിയത്. ഇതോടെ ബൾബുകൾ നിർമിക്കാൻ പിതാവിനെ സഹായിക്കാൻ താനും കൂടാമെന്ന് ഗൗരിയും പറഞ്ഞു.
അച്ഛൻ ചെയ്യുന്നതും പറയുന്നതും ശ്രദ്ധിച്ച് കേട്ടും കണ്ടും പഠിച്ച ഗൗരി ആദ്യം നാല് ബൾബുകളായിരുന്നു നിർമിച്ചത്. പിന്നീട് അവധിക്കാലത്ത് ബൾബുകളുടെ എണ്ണം വർദ്ധിപ്പിച്ചു തുടങ്ങി. ഇന്ന് അവൾ 30 ബൾബുകൾ വരെ നിർമിക്കുമെന്ന് ഗവേഷ് പറയുന്നു. വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് അച്ഛനെ സഹായിക്കുന്നതെന്ന് ഗൗരിയും പറയുന്നു.















