തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ മാത്യു കുഴൽനാടൻ പുതിയ ആരോപണം ഉന്നയിച്ചതോടെ സ്പീക്കറും എംഎൽഎയും തമ്മിൽ നിയമസഭയിൽ തർക്കം. മാസപ്പടി ആരോപണം വീണ്ടും ഉന്നയിച്ചതോടെയാണ് സ്പീക്കർ എ.എൻ ഷംസീർ കയർത്തത്. തുടർന്ന് എംഎൽഎയുടെ മൈക്ക് സ്പീക്കർ ഓഫാക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി വിവിധ അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി വാങ്ങിയെന്നും ഇതിന്റെ രേഖകൾ കയ്യിൽ ഉണ്ടെന്നുമായിരുന്നു എംഎൽഎ പറഞ്ഞത്. അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ
എല്ലാ മാസവും പണം കൈപ്പറ്റിയെന്ന കാര്യം രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ വ്യക്തമാണെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി.
മാസപ്പടി വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കും ഹൈക്കോടതി നോട്ടീസ് അയച്ച കാര്യവും എംഎൽഎ സഭയിൽ ഉന്നയിച്ചു. ഇതോടെ സ്പീക്കർ കയർത്തു.
സോഷ്യൽ മീഡിയക്ക് വേണ്ടി പ്രസംഗിക്കാൻ പാടില്ലെന്നായിരുന്നു സ്പീക്കറുടെ നിർദേശം. സ്ഥിരമായി പാടുന്ന പല്ലവിയാണ് മാത്യു പറയുന്നതെന്നും സമൂഹമാദ്ധ്യമങ്ങളിൽ കയ്യടി കിട്ടാനാണ് മാസപ്പടി വിഷയം സ്ഥിരമായി ഉന്നയിക്കുന്നതെന്നും സ്പീക്കർ വിമർശിച്ചു. കോടതിക്ക് മുൻപാകെ പരിഗണനയിലുള്ള വിഷയം സഭയിൽ സംസാരിക്കരുതെന്നും സ്പീക്കർ നിർദേശിച്ചു.
എന്നാൽ തന്നോട് കാണിക്കുന്നത് മര്യാദകേടാണെന്ന് തുറന്നടിച്ച കുഴൽനാടൻ, ഏത് വിഷയം സംസാരിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണെന്നും മറുപടി നൽകി. ഇതോടെ മാത്യുവിന്റെ പരാമർശം സഭാ രേഖയിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.















