മമ്മൂട്ടി നായകനായെത്തിയ ടർബോയുടെ അറബിക് വേർഷൻ ഉടൻ പുറത്തിറങ്ങും. മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി ഷാർജയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. അറബിക് വേർഷന്റെ ട്രെയിലറും അണിയറ പ്രവർത്തകർ പരിപാടിയിൽ പുറത്തിറക്കി.
അറബിക് ഭാഷയിലേക്ക് ടർബോ മൊഴിമാറ്റിയിട്ടുണ്ട്. ഒരുപക്ഷെ ആദ്യമായി അറബിയിൽ സംസാരിക്കാൻ പോകുന്ന മലയാള സിനിമ ഇതാകുമെന്നാണ് തോന്നുന്നതെന്നും അത് തീർത്തും സന്തോഷകരമായ കാര്യമാണെന്നും മമ്മൂട്ടി പ്രതികരിച്ചു. നിങ്ങൾ ഈ സിനിമ ഒന്നുകൂടി കണ്ട് സന്തോഷിക്കണം. കാരണം എനിക്ക് അറബിക് ഭാഷ അറിയില്ല, എന്റെ ശബ്ദത്തിലല്ലെങ്കിലും ഞാൻ അറബി പറയുന്നത് കാണുമ്പോൾ എങ്ങനെയുണ്ടാകുമെന്ന് നിങ്ങൾ കണ്ടുനോക്കണമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
ടർബോ അറബിക് വേർഷനിൽ നൽകിയിരിക്കുന്ന പേര് ജാസിം ടർബോ എന്നാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ടർബോ. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കാമെന്നും ചടങ്ങിൽ വൈശാഖ് അറിയിച്ചു.