ചെന്നൈ: തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ഡി.എം.കെ സർക്കാരിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ സംസ്‌ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ശനിയാഴ്ച സർക്കാരിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു.
40 ഓളം പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. സംഭവം ഞെട്ടിപ്പിക്കുന്നുവെന്ന് അറിയിച്ച അണ്ണാമലൈ ദുരന്ത സ്‌ഥലമായ കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്ത് നേരിട്ടെത്തി വിഷ മദ്യം കുടിച്ച് മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചു. മദ്യം കഴിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്.
ദുരന്തത്തിനിരയായവരുടെ സംസ്‌കാര ചടങ്ങുകളിലും അണ്ണാമലൈ സംബന്ധിച്ചു. ദുരന്തത്തിനിരയായവരുടെ ആശ്രിതരിൽ വീടില്ലാത്തവരെ കേന്ദ്രസർക്കാരിന്റെ ഭവന പദ്ധതിയിലും ഇവരുടെ മക്കളെ കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിലും ഉൾപ്പെടുത്താനുളള നടപടികൾ സ്വീകരിക്കുമെന്നും അണ്ണാമലൈ ഉറപ്പ് നൽകി. ബിജെപി തമിഴ്‌നാട് ഘടകം മുൻകൈയ്യെടുത്താണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുക. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എജി സമ്പത്ത്, കളളക്കുറിച്ചി ജില്ലാ അദ്ധ്യക്ഷൻ അരുൾ എന്നിവർ ഇതിനുളള തുടർ നടപടികൾ സ്വീകരിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
സംഭവം ഡിഎംകെ സർക്കാരിന്റെ പിടിപ്പുകേടാണ് തെളിയിക്കുന്നതെന്ന് പറഞ്ഞ അണ്ണാമലൈ രണ്ട് വർഷം കൊണ്ട് ഡിഎംകെ സർക്കാർ തമിഴ്‌നാടിനെ നാല് പതിറ്റാണ്ട് പിന്നോട്ട് കൊണ്ടുപോയെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ടു വർഷത്തിൽ മാത്രം 60 പേരാണ് വ്യാജ മദ്യദുരന്തത്തിൽ കൊല്ലപ്പെട്ടത്. ബന്ധപ്പെട്ട മന്ത്രിമാരെ പുറത്താക്കാനും സർക്കാരിന് സാധിച്ചിട്ടില്ല. മുഖ്യമന്ത്രി ആ സ്‌ഥാനത്തിരിക്കാൻ യോഗ്യനാണോ എന്ന് ഒന്ന് കൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് ചിലർ മദ്യം കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തലവേദന, ഛർദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. രണ്ട് സ്ത്രീകളുൾപ്പെടെ 18 പേരാണ് ഇന്നലെ മരണമടഞ്ഞത്. 107 പേരെയാണ് കള്ളക്കുറിച്ചിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ 59 പേരെ സേലം, പുതുച്ചേരി, വില്ലുപുരം എന്നിവടങ്ങളിലെ ആശുപതികളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്.