ശ്രീനഗർ: സ്വന്തം വോട്ടിലൂടെ കശ്മീരിലെ ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുക്കുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിൽ സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങളെ കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഭീകരർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ നടന്ന ‘യുവജനങ്ങളെ ശാക്തീകരിക്കുക, ജമ്മു കശ്മീരിന്റെ രൂപം മാറ്റുക’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് ഉടൻ തന്നെ പ്രാദേശിക തലത്തിൽ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാം. നിങ്ങളുടെ പ്രശ്നങ്ങൾക്ക് അവർ പരിഹാരങ്ങൾ കണ്ടെത്തും. ഇതിലും മികച്ച എന്ത് മാറ്റമാണ് നിങ്ങൾക്ക് വേണ്ടത്? കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.
കശ്മീരിനായി 1,500 കോടിയുടെ 84 വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പുതിയ ദേശീയ പാതകളും എക്‌സ്പ്രസ് വേകളും ഇവിടെ നിർമിക്കുന്നുണ്ട്. അന്താരാഷ്‌ട്ര യോഗ ദിനത്തോടുകൂടി ജമ്മു കശ്മീർ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയതോടെ ഒരു പുതുയുഗത്തിലേക്ക് ഭാരതം പ്രവേശിച്ചിരിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ കഴിയുന്നത് ബിജെപി സർക്കാരിന് മാത്രമാണ്. ദീർഘ കാലം ഇന്ത്യയില്‍ രാഷ്‌ട്രീയ അസ്ഥിരതയുണ്ടായിരുന്നു. തുടർച്ചയായ തെരഞ്ഞെടുപ്പുകള്‍ക്ക് വോട്ട് ചെയ്യുകയായിരുന്നു ജനങ്ങളുടെ ജോലി. എന്നാൽ മൂന്നാമതും സർക്കാർ അധികാരത്തില്‍ ഏറിയത് ആഗോളതലത്തില്‍ തന്നെ വലിയ സന്ദേശമാണ് നല്‍കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ജനാധിപത്യമാണ്, ജമ്മുകാശ്മീരിൽ ഇന്ന് നാം കാണുന്ന മാറ്റങ്ങൾ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായതാണ്. 60 വർഷത്തിന് ശേഷമാണ് തുടർച്ചയായി മൂന്നാം തവണയും ഒരു സർക്കാർ അധികാരത്തിലേറുന്നത്. അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളെ സർക്കാർ വളരെ ഗൗരവത്തോടെയാണ് നോക്കികാണുന്നത്. ശത്രുക്കളെ ഒരു പാഠം പഠിപ്പിക്കാതെ ഞങ്ങൾ മടങ്ങില്ലെന്ന് നിങ്ങൾക്ക് ഉറപ്പ് തരുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നാളെ നടക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി ജമ്മു കാശ്മീരിലെത്തിയത്. നാളെ രാവിലെ 6 30നാണ് യോഗാ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുക.