ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം. റോസ് അവന്യൂവിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 1 ലക്ഷം രൂപയും കെട്ടിവയ്‌ക്കണം. കോടതി നടപടികൾ പൂർത്തീകരിച്ച് കെജ്‍രിവാൾ വെള്ളിയാഴ്ച ജയിൽ മോചിതനാകാനാണ് സാധ്യത.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കരുതെന്നും നിർദേശിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അനുവദിച്ച ജാമ്യം നീട്ടി നൽകണമെന്ന് കെജ് രിവാൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. സ്വാഭാവിക ജാമ്യത്തിന് ശ്രമിക്കാനായിരുന്നു കോടതിയുടെ നിർദേശം. തുടർന്നാണ് വീണ്ടും അപേക്ഷ നൽകിയത്.
കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ഗോവയിൽ കെജ്‍രിവാളിന് ബിൽ അടച്ചതെന്നും, ഇദ്ദേഹം വ്യവസായികളിൽ നിന്നും വൻ തുക കൈപ്പറ്റിയെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. മലയളിയായ പ്രതി വിജയ് നായരാണ് കെജ്രിവാളിന്റെ നിർദേശാനുസരണം അഴിമതി പണം കൈകാര്യം ചെയ്തത്. ആംആദ്മി പാർട്ടിയാണ് തെറ്റ് ചെയ്തതെങ്കിൽ ആ പാർട്ടിയുടെ നേതാവും കുറ്റക്കാരനാണെന്ന് ഇഡിയും വാദിച്ചു.
ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് മാർച്ച് 21-നാണ് ഇഡി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്‍രിവാൾ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ശേഷം ജൂൺ രണ്ടിനാണു തിരികെ ജയിലിൽ പ്രവേശിച്ചത്. മെഡിക്കൽ കാരണങ്ങളാൽ വീണ്ടും ഇടക്കാല ജാമ്യം തേടിയുള്ള കെജ്‌രിവാളിന്റെ അപേക്ഷ ജൂൺ അഞ്ചിന് ഡൽഹി കോടതി തള്ളിയിരുന്നു.















