കുവൈത്ത് സിറ്റി; കുവൈത്ത് തീപിടുത്തത്തിൽ ഇനി ചികിത്സയിൽ കഴിയുന്നത് എട്ട് പേർ മാത്രം. ഇതിൽ മൂന്ന് പേർ മലയാളികളാണ്. കഴിഞ്ഞ ദിവസം വരെ പത്ത് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ കൂടി സുഖപ്പെട്ട് മടങ്ങി.
തോമസ് ചാക്കോ, അനിൽ കുമാർ, സുരേഷ് കുമാർ എന്നിവരാണ് മൂന്ന് ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്ന മലയാളികൾ. ആന്ധ്ര പ്രദേശിൽ നിന്ന് രണ്ടു പേരും ഉത്തർപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നായി ഓരോരുത്തരും ചികിത്സയിലുണ്ട്. ഒരാൾ ഫിലിപ്പിനോയാണ്.
കഴിഞ്ഞ ആഴ്ചയിലുണ്ടായ തീ പിടിത്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരാണ് മരിച്ചത്. എൻബിടിസി കമ്പനിയുടെ ജീവനക്കാരുടെ താമസസ്ഥലത്തായിരുന്നു തീപിടിത്തം ഉണ്ടായത്. അൻപതോളം പേരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 25 ഇന്ത്യക്കാരാണ് ചികിൽസയിലുണ്ടായിരുന്നത്. ഇതിൽ 14 പേർ മലയാളികളായിരുന്നു.













