ന്യൂഡൽഹി: ഇന്ത്യ എപ്പോഴും ശ്രീലങ്കയുടെ വിശ്വസ്ത സുഹൃത്തും പങ്കാളിയുമായിരിക്കുമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. അയൽ രാജ്യങ്ങൾക്കാണ് ഇന്ത്യ ആദ്യം പ്രാധാന്യം നൽകുന്നതെന്നും ശ്രീലങ്കയുമായുള്ള സുഹൃത് ബന്ധത്തിൽ ഇന്ത്യയ്‌ക്ക് സന്തോഷമുണ്ടെന്നും എസ് ജയശങ്കർ എക്‌സിൽ കുറിച്ചു. ശ്രീലങ്കൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സിൽ പങ്കിട്ടു. ഔദ്യോഗിക സന്ദർശനത്തിന് ശേഷം ഇന്ന് അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കും.
” വിദേശകാര്യമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്. ശ്രീലങ്കയിലെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചു. ഇന്ത്യ എല്ലായ്പ്പോഴും ശ്രീലങ്കയുടെ നല്ലൊരു സുഹൃത്തും, വിശ്വസ്ത പങ്കാളിയുമായിരിക്കും”.- എസ് ജയശങ്കർ കുറിച്ചു.

ഇന്ത്യയുടെ അയൽ രാജ്യങ്ങൾ ആദ്യം, സാഗർ എന്നീ നയങ്ങളെ ശക്തിപ്പെടുത്തുന്നതാണ് എസ് ജയശങ്കറിന്റെ ശ്രീലങ്കൻ സന്ദർശനം. അയൽരാജ്യങ്ങൾ ആദ്യം, സാഗർ വിഷൻ തുടങ്ങിയ ഇന്ത്യയുടെ നയങ്ങൾക്ക് ശക്തി പകരുന്നതാണ് എസ് ജയശങ്കറിന്റെ ശ്രീലങ്കൻ സന്ദർശനം. ഇരുരാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം സുസ്ഥിര വികസനം ലക്ഷ്യമിടുന്നുവെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ- ശ്രീലങ്ക വികസന സഹകരണത്തിന്റെ ഭാഗമായി കൊളമ്പോ, ട്രിങ്കോമാലി ജില്ലകളിൽ മാഡൽ വില്ലേജ് ഹൗസിംഗ് പ്രെജക്ടിന് കീഴിൽ 48 വീടുകളുടെ താക്കോൽ ദാനം ശ്രീലങ്കൻ പ്രസിഡന്റ് വിക്രമസിംഗെയും എസ് ജയശങ്കറും ചേർന്ന് നിർവഹിച്ചു.

ഇന്നലെയാണ് ഡോ. എസ് ജയശങ്കർ ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേഷ് ഗുണ വർധന, പ്രസിഡന്റ് റനിൽ വിക്രമസിംഗെ എന്നിവരുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ശേഷം രാഷ്‌ട്രപതിയുടെ ഓഫീസിൽ കൃഷി, വ്യോമയാനം, തുറമുഖം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി ചർച്ചകൾ നടന്നെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.















