ഹൈറിച്ച് ഉടമകൾക്ക് വീണ്ടും തിരിച്ചടി; പരാതികളിൽ പൊലീസിന് കേസെടുത്ത് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി

Published by
Janam Web Desk

തൃശൂർ: ഓൺലൈൻ ഷോപ്പിംഗ് ഉൾപ്പെടെയുള്ള ബിസിനസുകളുടെ മറവിൽ 1630 കോടി രൂപയുടെ തട്ടിപ്പും 126 കോടി രൂപയുടെ നികുതിവെട്ടിപ്പും നടത്തിയ സംഭവത്തിൽ ഹൈറിച്ച് ഉടമകൾക്ക് വീണ്ടും തിരിച്ചടി. ഇവർക്കെതിരായ പരാതികളിൽ പൊലീസിന് കേസെടുത്ത് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പൊലീസ് അന്വേഷണം തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസ് സിബിഐക്ക് കൈമാറിയതിനാൽ പൊലീസ് കേസെടുക്കുന്നത് തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

അന്വേഷണത്തിനായി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആരംഭിക്കുന്നത് വരെ പൊലീസ് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു. അന്വേഷണം ശൂന്യാവസ്ഥയിൽ നിർത്താനാകില്ലെന്നും കോടതി പറഞ്ഞു.

ക്രിപ്‌റ്റോ കറൻസി, ഒടിടി പ്ലാറ്റ്‌ഫോം എന്നിവയുടെ മറവിലാണ് ഹൈറിച്ച് എംഡി വി.ഡി പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും കോടികൾ തട്ടിയത്. തട്ടിയെടുത്ത പണത്തിന്റെ പകുതിയും ഇവർ വിദേശത്തേക്ക് കടത്തിയിരുന്നു.

Share
Leave a Comment