പ്യോങ്യാങ്: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന് നായ്‌ക്കളെ സമ്മാനിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഒരു ജോഡി പുങ്സാൻ ഇനത്തിലുള്ള ഒരു ജോഡി നായക്കളേയാണ് കീം പുടിന് നൽകിയത്. ഉത്തരകൊറിയയുടെ സ്റ്റേറ്റ് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്ത വീഡിയോയിൽ കിമ്മും പുടിനും നായ്‌ക്കളെ ലാളിക്കുന്നത് കാണാം. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പുടിന്റെ ഉത്തരകൊറിൻ സന്ദർശനത്തിനിടെയാണ് കിം പ്രത്യേക സ്നേഹ സമ്മാനമാനം കൈമാറിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ സന്ദർശന വേളയിൽ പുടിൻ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാർ കിമ്മിന് സമ്മാനിച്ചിരുന്നു. റഷ്യൻ റോൾസ് റോയ്സ് എന്ന് വിശേഷിപ്പിക്കുന്ന ലിമോസിൻ ഓറസ് സെനറ്റാണ് സമ്മാനിച്ചത്. രണ്ട് നേതാക്കളും ഈ ആഡംബര കാറിൽ ടെസ്റ്റ് ഡ്രൈവും നടത്തി.
ഉത്തര കൊറിയക്കാർ വേട്ടയാടലിന് ഉപയോഗിക്കുന്ന പ്രത്യേക ഇനമാണ് പുങ്സാൻ. നായ്‌ക്കളെ ഇഷ്ടപ്പെടുന്ന പുടിന് കോന്നി, ബഫി, വെർനി, പാഷ എന്നിങ്ങനെ നായ്‌ക്കളുടെ നീണ്ട നിര തന്നെ സ്വന്തമായുണ്ട്.
24 വർഷത്തിന് ശേഷമാണ് ഒരു റഷ്യൻ ഭരണാധികാരി ഉത്തര കൊറിയ സന്ദർശിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്ന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ചൈനയുടെ ‘പാണ്ട’ നയതന്ത്രത്തിന് സമാനമാണ് ഉത്തര കൊറിയയുടെ ‘നായ’ നയതന്ത്രമെന്നാണ് സൂചന.















