പാലക്കാട്: യോഗ അഭ്യസിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യോഗയിലൂടെ ആരോഗ്യമുള്ള മനസും ശരീരവും നേടാൻ സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അനന്തമായ ഊർജപ്രവാഹം യോഗയിലൂടെ ലഭിക്കുമെന്നും അത് മനസിനെ നിയന്ത്രിച്ചു നിർത്തുന്നതിനും ശാന്തമാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 10-ാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ പാലക്കാട് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” സ്വാമി വിവേകാനന്ദൻ പറഞ്ഞതു പോലെ ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസുള്ളത്. ശാരീരിക വെല്ലുവിളികളെ നേരിടാൻ നമുക്ക് ഇതിലൂടെ സാധിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം യോഗ അതിപ്രധാനമാണ്. ഇന്നത്തെ കേരളീയരുടെ ജീവിതശൈലിയിൽ വർദ്ധിച്ചു വരുന്ന പ്രശ്‌നങ്ങൾ നിയന്ത്രിച്ചു നിർത്തുന്നതിനും പ്രശ്‌നങ്ങളെ നേരിടാൻ മനസിനെ സജ്ജമാക്കുന്നതിനും യോഗ അനിവാര്യമാണ്. ജീവിത ശൈലി രോഗങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ യോഗയ്‌ക്ക് സാധിക്കുന്നു.”- കെ. സുരേന്ദ്രൻ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് യോഗ പരിശീലിപ്പിക്കുന്നതിനായി സ്‌കൂളുകളിൽ യോഗ ക്ലാസുകൾ തുടങ്ങണമെന്ന് കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളിലും ആവശ്യപ്പെട്ടിടുണ്ട്. പാഠ്യ പദ്ധതികളുടെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ കേരളത്തിൽ യോഗയ്‌ക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ല. മതപരമായ ആചാരമായാണ് പലരും ഇന്നും യോഗയെ കണക്കാക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
യോഗയിൽ ചൊല്ലുന്ന സുര്യനമസ്‌കാര ശ്ലോകങ്ങളെല്ലാം മതപരമായ കണ്ണിലൂടെ കാണാനാണ് കേരളത്തിലെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ധർമ്മ ശാസ്ത്രങ്ങൾ സർവ ജീവജാലങ്ങൾക്കും വേണ്ടി നിർമിച്ചതാണ്. പതഞ്ജലി മഹർഷിയുടെ യോഗ ലോകത്തിലെ എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നു.
പുതുതലമുറയ്‌ക്ക് കരുത്ത് പകരുന്നതിനായി യോഗ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. മതപരമായ രീതിയിൽ അതിനെ വീക്ഷിക്കരുതെന്നും കേരള സർക്കാർ എല്ലാ സ്‌കൂളുകളിലും യോഗ അഭ്യസിക്കാനുള്ള അവസരം ഒരുക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.















