ശ്രീനഗർ: ലോകമെമ്പാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ രാജ്യങ്ങളിലെ രാഷ്‌ട്രത്തലവൻമാരുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ യോഗ പ്രധാന വിഷയമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കശ്മീരിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭാരതം പദ്മശ്രീ നൽകി ആദരിച്ച ഫ്രാൻസിലെ 101 വയസുള്ള യോഗാ പരിശീലക ഷാർലറ്റ് ചോപിനിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. മുമ്പ് ഒരിക്കൽ പോലും ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്ത വനിതയാണ് അവർ. എന്നാൽ യോഗയെ കുറിച്ച് അവബോധം നൽകുന്നതിന് അവർ തന്റെ ജീവിതം തന്നെ സമർപ്പിച്ചു. ഇതിനുള്ള ആദരമായാണ് രാജ്യം പദ്മശ്രീ സമ്മാനിച്ചതെന്നു അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രശസ്തമായ സർവകലാശാലകളിലും സ്ഥാപനങ്ങളിലും യോഗ പ്രധാന ഗവേഷണ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്‌ട്ര യോഗ ദിനം 10 വർഷം പൂർത്തിയാകുന്ന വേളയിൽ എല്ലാവരും യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി
അഭ്യർത്ഥിച്ചു.
രാവിലെ 7 മണിക്ക് യോഗ സെഷൻ തുടങ്ങേണ്ടിയിരുന്നെങ്കിലും മഴ കാരണം 30 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്രമന്ത്രി പ്രതാപ് റാവു ഗണപതിറാവു ജാദവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.