ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും നേരിട്ട് ചർച്ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും, ഈ നീക്കത്തെ എല്ലാരീതിയിലും പിന്തുണയ്‌ക്കുമെന്നും അമേരിക്ക. ഈ ചർച്ചകൾ സംബന്ധിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ എടുക്കേണ്ടത് തങ്ങളല്ലെന്നും, അയൽരാജ്യങ്ങൾ കൂടിയായ ഇന്ത്യയും പാകിസ്താനും ആയിരിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. മൂന്നാം വട്ടം അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അഭിനന്ദനം അറിയിച്ചതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെ അമേരിക്ക എല്ലാക്കാലത്തും പൂർണമായും പിന്തുണയ്‌ക്കുന്നുണ്ട്. എന്നാൽ ഈ ചർച്ചകളുടെ സ്വഭാവവും രീതിയും തീരുമാനിക്കേണ്ടത് അമേരിക്ക അല്ല. അത് ഇന്ത്യയും പാകിസ്താനും തന്നെ ആയിരിക്കണമെന്നും” മാത്യു മില്ലർ ചൂണ്ടിക്കാട്ടി.
ഈ മാസം ഒൻപതിനാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടർച്ചയായ മൂന്നാം വട്ടം നരേന്ദ്രമോദി അധികാരമേറ്റത്. സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രധാനമന്ത്രിക്ക് ആശംസകളറിയിച്ചിരുന്നു.ഇരുവരുടേയും സന്ദേശങ്ങൾക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, രാജ്യത്തെ ജനങ്ങൾ എല്ലായ്‌പ്പോഴും സുരക്ഷയ്‌ക്കും, സമാധാനത്തിനും, പുരോഗമന ആശയങ്ങൾക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. തന്റെ സർക്കാർ ജനങ്ങളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.