ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യത്തിന് താത്കാലിക സ്റ്റേ. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. കെജ്‌രിവാളിന് നൽകിയ ജാമ്യം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര ഹർജിയുമായി ഇഡി ഹൈക്കോടതിയ സമീപിച്ചിരുന്നു. ഈ വാദം കേൾക്കുന്നത് വരെ ജാമ്യം താത്കാലികമായി സ്റ്റേ ചെയ്യുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു.
ഇന്നലെയാണ് അരവിന്ദ് കെജ്‌രിവാളിന് റോസ് അവന്യു കോടതി ജാമ്യം നൽകിയത്. ഇന്ന് പുറത്തിറങ്ങാനിരിക്കെ ജാമ്യം താത്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. വിചാരണ കോടതിയിൽ മതിയായ വാദങ്ങൾ അവതരിപ്പിക്കാൻ സാധിച്ചില്ലെന്നും ഇതിനുള്ള സമയം കോടതി തന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇഡി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടർന്നാണ് ഹൈക്കോടതിയുടെ നടപടി.
ഇഡിയുടെ വാദം അടിയന്തരമായി കേൾക്കുമെന്നും അതുവരെ ജാമ്യം നൽകിയ ഉത്തരവ് പ്രാബല്യത്തിൽ വരില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.