ഭാരതം ഇന്ന് ലോകത്തിനൊപ്പം വളരുന്ന രാജ്യമാണെന്ന് സന്തോഷ് ജോർജ് കുളങ്ങര. ഭരണാധികാരികമായി കൃത്യമായ ദിശാബോധം നൽകുമെന്നും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഉപരിത ഗതാഗതമടക്കമുള്ള സംവിധാനങ്ങൾ ക്ക് വൻ മാറ്റം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇന്ന് ലോകത്തിലെ പുതിയ ടെക്നോളജികളെല്ലാം വരുന്നുണ്ട് എന്നും വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഒരു കോൺക്ലേവിൽ സംസാരിക്കവേ സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കി.
“ഭാരതം ലോകത്തിനൊപ്പം വളരുന്ന ഒരു രാജ്യമാണ്. അത് കഴിഞ്ഞ 10 വർഷത്തിൽ മാത്രം ഉണ്ടായതല്ല. ഇതെല്ലാം ഒരു തുടർച്ചയായി സംഭവിക്കുന്നതാണ്. എന്നാൽ ചില ഭരണാധികാരികൾ വരുമ്പോൾ അതിന് കൃത്യമായി ദിശാബോധം കൊടുക്കും. രാജ്യം കുറച്ചുകൂടെ ശക്തി ആർജ്ജിക്കും. ചില വകുപ്പുകൾ വലിയ മുന്നേറ്റം നടത്തും. ഉദാഹരണമായി പറഞ്ഞാൽ, ഭാരതത്തിന്റെ ഉപരിതല ഗതാഗതം. കഴിഞ്ഞ 10 വർഷമാണ് അതിന് ഏറ്റവും കൂടുതൽ വളർച്ചയുണ്ടായത്. നല്ല ഹൈവേകൾ, നല്ല പാലങ്ങൾ, നല്ല ഇൻഫ്രാസ്ട്രക്ചറുകൾ. ഇതെല്ലാം ഇന്ന് ഇന്ത്യയിലൂടെ യാത്ര ചെയ്യുമ്പോൾ കാണാം”.
“ഇന്ന് ലോകത്ത് ഇറങ്ങുന്ന ചാറ്റ് ജിപിടി യെ കുറിച്ച് എന്തുകൊണ്ട് നമ്മൾ അറിയുന്നു. ലോകത്തിറങ്ങുന്ന ഏറ്റവും പുതിയ ടെക്നോളജികളെ പറ്റി നമുക്ക് സംസാരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്. ലോകത്ത് ഇറങ്ങുന്ന ഏതു പുതിയ ടെക്നോളജിയും നമുക്കിവിടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്നത് കൊണ്ടാണ്. അമേരിക്കയിൽ ആപ്പിൾ ഐഫോണിന്റെ പതിനാറാം വേർഷൻ ഇറക്കിയാൽ അടുത്തദിവസം അത് ഇന്ത്യക്കാരന്റെ കയ്യിൽ കിട്ടുന്ന ടെക്നോളജി ഈ രാജ്യത്ത് വന്നു. അത് ഭരണത്തിന്റെ തീരുമാനങ്ങളാണ്. അടുത്തദിവസം സഞ്ചാരത്തിനു വേണ്ടി ഞാൻ പോകാനിരുന്ന ഒരു രാജ്യം ഉണ്ട്. ആ യാത്ര താമസിച്ചതിന് ഒരു കാരണവുമുണ്ട്”.
“ഞാൻ പോകാനിരുന്ന രാജ്യത്ത് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡ് മറ്റൊരു ഡിജിറ്റൽ ട്രാൻസാക്ഷനോ അവിടെ സാധ്യമാകില്ല. ഇതെല്ലാം അവിടെ ഉണ്ടാകുമോ എന്ന് പ്രതീക്ഷിച്ചാണ് ഞാൻ ബുക്ക് ചെയ്തത്. അവിടെ കാശു മാത്രമേ കൊടുക്കാൻ കഴിയൂ. അങ്ങനെയും ചില രാജ്യങ്ങളിൽ ഈ ലോകത്ത് ഉണ്ട്. ഗൂഗിൾ പേ പോലുള്ളവയുടെ ഗുണം മനസ്സിലാകുന്ന ഒരാൾക്ക് ഒരുകാലത്തെ ബുദ്ധിമുട്ടുകൾ തിരിച്ചറിയാൻ കഴിയും. അങ്ങനെ ജീവിച്ച ഒരു തലമുറയാണ് ഞങ്ങൾ. ഇന്ന് നമുക്ക് ലോകത്തിനൊപ്പം സഞ്ചരിക്കാൻ ജീവിക്കാനും പഠിക്കാനും കഴിയുന്നുണ്ടെങ്കിൽ ഭരണാധികാരികൾ ചേർന്ന് നടത്തിയ മാറ്റങ്ങളാണ്”-സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.















