യോഗദിനമായിട്ട് യോഗാഭ്യാസം തുടങ്ങാമെന്ന് തീരുമാമെടുത്ത പലരും കാണും. ആദ്യമായി യോഗ ചെയ്യുന്നവരാണെങ്കിൽ അതിസങ്കീർണമായ ആസനകൾ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. യോഗയുടെ ഏറ്റവും ചെറിയ പരിശീലനം പോലും മാനസികോന്മേഷത്തിന് സഹായിക്കും. തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായി പിന്തുടരാൻ കഴിയുന്ന യോഗാസനങ്ങളിതാ..
വീരഭദ്രാസനം
ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന മറ്റൊരു യോഗ പോസാണിത്. നിന്നുകൊണ്ട് ശരീരം മുന്നോട്ടാഞ്ഞു ഒരു കാൽ മുട്ടുവളയാതെ പുറകിലോട്ട് നിവർത്തി കാലുകൾ തമ്മിൽ 90 ഡിഗ്രി പൊസിഷനിൽ വരത്തക്ക രീതിയിൽ കൊണ്ടുവരിക. കൈകൾ നിവർത്തി മുട്ടുവളയാതെ തലയുടെ അതേ പൊസിഷനിലോ അൽപ്പം മുകളിലോ കൊണ്ടുവരിക. സ്ഥിരമായി വീരഭദ്രാസനം ചെയ്യുന്നതിലൂടെ കാലുകൾക്കും കൈകൾക്കും ഇടുപ്പിനും നല്ല ദൃഢത ലഭിക്കുന്നു. ഇത് നിങ്ങളുടെ രക്തചംക്രമണ വ്യവസ്ഥയെയും ശ്വാസകോശത്തെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
പത്മാസനം
കാലുകൾ രണ്ടും നീട്ടി നിവർന്നിരിക്കുക. വലത്തെ കാൽമുട്ട് മടക്കി ഇടത്തെ തുടയിൽ കയറ്റി പാദം അടിവയറോട് ചേർത്ത് മലർന്നിരിക്കും വിധം വെയ്‌ക്കുക. ഇതേപോലെ ഇടത് കാൽ വലത്തെ തുടയുടെ മുകളിലും വെയ്‌ക്കുക. നട്ടെല്ല് നിവർന്നിരിക്കുക. തുടകൾ കാൽമുട്ടുവരെ വിരിയിൽ പതിഞ്ഞിരിക്കണം. ഇടത് കൈവിരലുകൾ ചേർത്തുപിടിച്ച് ഉപ്പൂറ്റികളുടെ മുകളിൽ മലർത്തിവെക്കുക. അതിനുമുകളിൽ വലത്തെ കൈയും ഇതേപോലെ വെക്കുക. കണ്ണുകൾ അടച്ച് കൃഷ്ണമണികൾ പുരികങ്ങളുടെ മധ്യത്തിലോ മൂക്കിന്റെ അറ്റത്തോ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. തുടർന്ന ധ്യാനമോ പ്രാർഥനയോ നടത്താം.
മനസ്സ് ശാന്തമാകുന്നതിനും കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നതിനാൽ അടിവയറ്റിലേക്കും അരക്കെട്ടിലേക്കും രക്തപ്രവാഹം കൂടുന്നതിനും മികച്ച യോഗാസനം. രക്തചംക്രമണം, ശ്വാസഗതി, എന്നിവ ക്രമീകരിക്കുന്നു. രക്തസമ്മർദ്ദം കുറയുന്നു. ശരീരത്തിന് വടിവ് ലഭിക്കുന്നു.
ബാലാസനം
കാൽമുട്ടുകൾ അടുപ്പിച്ചുകുത്തി ഉപ്പൂറ്റിയുടെ മുകളിൽ ഇരിക്കുക. നെറ്റി തറയിൽ തൊടുംവിധം മുന്നിലേക്ക് മടങ്ങി താഴുക. തറയിൽ തൊടാൻ സാധിക്കുന്നില്ലെങ്കിൽ സാധിക്കുന്നത്ര മുന്നോട്ടായുക. ശേഷം കൈകൾ മുന്നിലേക്ക് നീട്ടി തറയിൽ വെക്കുക. ആഴത്തിൽ ശ്വസോച്ഛാസം നടത്തുക. ഇത് വിശ്രമത്തിനും പുറം, കഴുത്ത്, തോളുകൾ എന്നിവയിലെ പിരിമുറുക്കം ഒഴിവാക്കുന്നതിനും സഹായിക്കും.