മുംബൈ: മുകേഷ് അംബാനിയുടെ ഡീപ്‌ഫേക്ക് വീഡിയോയിൽ ആകൃഷ്ടയായി ഡോക്ടർക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ. മുംബൈ അന്ധേരിയിലാണ് സംഭവം. ആയുർവേദ ഡോക്ടറായ കെ.കെ.എച്ച് പാട്ടീലാണ് തട്ടിപ്പിനിരയായത്. അംബാനിയുടെ പേരിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഡീപ്‌ഫേക്ക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഓഹരി വിപണിയിൽ കുതിപ്പ് സൃഷ്ടിക്കാൻ ‘രാജീവ് ശർമ ട്രേഡ് ഗ്രൂപ്പിൽ’ ഇൻവെസ്റ്റ്മെന്റ് ആരംഭിക്കാനായി മുകേഷ് അംബാനി ആഹ്വാനം ചെയ്യുന്ന നിർമിത ബുദ്ധിയിൽ നിർമിച്ച വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രചരിച്ചത്. കമ്പനിക്ക് ബികെസിയിലും ലണ്ടനിലും ഓഫീസുകൾ ഉണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ടെന്നും വിശ്വാസയോഗ്യമായി തോന്നിയെന്നും ഡോക്ടർ പറയുന്നു.
ഉയർന്ന വരുമാനവും അംബാനിയുടെ ആഹ്വാനത്തിലും ആവേശ ഭരിതനായതിന് പിന്നാലെയാണ് പാട്ടീൽ 16 വ്യത്യസ്ത ബാങ്ക് അക്കൗണ്ടിൽ നിന്നായി 7.1 ലക്ഷം രൂപ അയച്ചത്. പിന്നാലെ ട്രേഡിംഗും ആരംഭിച്ചു. പ്രാരംഭ നിക്ഷേപത്തിൽ സമ്പാദിച്ച ലാഭവിഹിതത്തിൽ നിന്ന് 30 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം തിരിച്ചറിഞ്ഞത്.
പിന്നാലെ പാട്ടീൽ പൊലീസിൽ പരാതി സമർപ്പിക്കുകയായിരുന്നു. ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വീഡിയോ നിർമിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പണം കൈമാറ്റം ചെയ്യുന്നത് തടയാനായി ബാങ്കുകളുടെ നോഡൽ ഓഫീസർമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു.















