എറണാകുളം: ഭർത്താവിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സിഐ മുഖത്തടിച്ചെന്ന പരാതിയുമായി ഗർഭിണിയായ യുവതി. മൂന്ന് മാസം ഗർഭിണിയാണെന്ന് താൻ പറഞ്ഞുവെങ്കിലും വനിതാ പൊലീസുകാരടക്കം തന്നെ മർദ്ദിക്കുന്നതിന് കൂട്ടുനിന്നുവെന്ന് ഷൈമോൾ ആരോപിച്ചു.
എറണാകുളം നോർത്തിൽ ഹോംസ്‌റ്റേ നടത്തുന്ന ബെൻജോയിയെയാണ് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഇയാളെ കാണാനായി സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാർ ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ടുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ തന്നെ സിഐ അടിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. വനിതാ പൊലീസ് അടക്കം സ്‌റ്റേഷനിൽ നിന്ന് മാറ്റാൻ ശ്രമിച്ചുവെന്നും യുവതി പറയുന്നു.
സംഭവ ശേഷം യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പൊലീസ് മോധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ഷൈമോൾ പറയുന്നു.
അതേസമയം, യുവതിയുടെ ആരോപണങ്ങൾ സിഐ നിഷേധിച്ചു. ഷൈമോളുടെ ഭർത്താവ് നിരവധി കേസുകളിലെ പ്രതിയാണെന്നും യുവതിയെ പിടിച്ചു മാറ്റാൻ മാത്രമാണ് ശ്രമിച്ചതെന്നും സിഐ പറഞ്ഞു.















