വിജയ് സേതുപതി നായകനായെത്തിയ മഹാരാജ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം ബോക്സോഫീസിൽ ഇതുവരെ 50 കോടി കഴിഞ്ഞു. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിന് നന്ദി അറിയിക്കാൻ നടൻ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. ഇന്ന് തിരുവനന്തപുരം ലുലുമാളിലും താരമെത്തും.
തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് വാരാന്ത്യ കളക്ഷനെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. നൂറ് തിയേറ്ററുകളിൽ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരം 175ൽ പരം തിയേറ്ററുകളിലാണ് പ്രദർശനം തുടരുന്നത്.
ചിത്രത്തിൽ പ്രധാന കഥാപാത്രമായി മംമ്താ മോഹൻദാസും എത്തുന്നുണ്ട്. വിജയ് സേതുപതിയെ കൂടാതെ, നട്ടി നടരാജ്, ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. നിതിലൻ സാമിനാഥന്റെ സംവിധാനത്തിലെത്തിയ ചിത്രം നിർമിച്ചത് സുധൻസുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ്.