യോഗയിലൂടെ ശരീരത്തിനും മനസിനും ലഭിക്കുന്ന ഗുണങ്ങൾ സകല മനുഷ്യരിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ആചരിക്കുന്നത്. ലോകമൊട്ടാകെ ഇന്ന് യോഗാദിനമായി ആചരിക്കുമ്പോൾ കേരളത്തിലും ഒരു സമ്പൂർണ യോഗാ ഗ്രാമമുണ്ട്. ഇടുക്കി ജില്ലയിലുള്ള ആ ഗ്രാമത്തെ പരിചയപ്പെടാം…
ഇടുക്കിയിലെ മാങ്കുളം ഗ്രാമപഞ്ചായത്തിലെ കോഴിയളക്കുടിയാണ് ആ യോഗാ ഗ്രാമം. വനവാസി വിഭാഗക്കാർ താമസിക്കുന്ന ഈ ഗ്രാമത്തിൽ യോഗയിലൂടെ നിരവധിമാറ്റങ്ങളാണ് സംഭവിച്ചത്. യോഗയിലൂടെ ആത്മീയമായും ശാരീരികമായും മാറ്റങ്ങൾ സംഭവിച്ചെന്നാണ് കോഴിയളക്കുടി ഗ്രാമനിവാസികൾ പറയുന്നത്.
പതിനഞ്ച് വർഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് കോഴിയളക്കുടിയെ സമ്പൂർണ യോഗാ ഗ്രാമമാക്കി മാറ്റിയത്. 75 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഗുരു ശ്രീ ശ്രീ രവിശങ്കരന്റെ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഇവിടെ യോഗ പരിശീലിപ്പിക്കുന്നത്. അടിമാലി സ്വദേശിയായ അനിൽ കുമാറാണ് വർഷങ്ങളായി യോഗാ ക്ലാസുകൾ എടുക്കുന്നത്.















