മുംബൈ: മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന് ഖ്യാതിയുമായി തിയേറ്റുകളിലെത്തിയ ടർബോ മുടക്കുമുതൽ തിരിച്ചുപിടിച്ചോ? ദേശീയ എൻ്റൈർടൈൻമെന്റ് പോർട്ടലായ KOIMOI പറയുന്നതനുസരിച്ച് മമ്മൂട്ടിക്കും വൈശാഖിനും ടർബോ നൽകിയത് തിരിച്ചടിയാണ്. 60 കോടിയാണ് സിനിമയുടെ മുടക്കുമുതലെന്നാണ് വിവരം.
ആദ്യ ആഴ്ചയിൽ നന്നായി തുടങ്ങിയ ചിത്രം പിന്നീട് ബോക്സോഫീസിൽ കൂപ്പുകുത്തുന്നതാണ് കണ്ടത്. ആദ്യ ആഴ്ചയിൽ 25.1 കോടിയായിരുന്നു കളക്ഷനെങ്കിൽ രണ്ടാമത്തെ ആഴ്ചയിത് 6.5 കോടിയായി കുറഞ്ഞു. 1.7 കോടിയായിരുന്നു മൂന്നാമത്തെ വാരത്തിൽ ലഭിച്ചത്. 23- 27 ദിവസത്തെ കളക്ഷൻ 0.36 കോടിയാണ്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 33.81 കോടിയും ഗ്രോസ് കളക്ഷൻ 39.89 കോടിയുമാണെന്ന് പോർട്ടൽ വ്യക്തമാക്കുന്നത്.
ഓവർസീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാനായ മമ്മൂട്ടി ചിത്രത്തിന് 31.60 കോടിയാണ് ലഭിച്ചത്. ഇതടക്കം ചിത്രത്തിന്റെ മുഴുവൻ കളക്ഷൻ 71.49 കോടി രൂപയാണ്. 60 കോടി മുതൽ മുടക്കിലെത്തിയ ചിത്രത്തിന്റെ പ്രൊമോഷനും മറ്റു ചെലവുകളും കൂടി ചേർത്താൽ ആഗോള കളക്ഷനിൽ മേലെ വരുമെന്നാണ് വിലയിരുത്തൽ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്തത്. തിയേറ്ററിൽ നിന്ന് ഏറെക്കുറെ മാറിയ ചിത്രം ഉടനെ ഒടിടിയിലേക്ക് വരും. ആക്ഷൻ-എൻ്റർടൈനറെന്ന ലേബലിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.