ന്യൂഡൽഹി: ബിജെപി എംപി ഭർതൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി നിയമിച്ച രാഷ്‌ട്രപതിയുടെ തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. മുതിർന്ന പാർലമെന്റ് അംഗമാണ് പ്രോ-ടേം സ്പീക്കറാവുക എന്നിരിക്കെ, എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞ്, ഏഴ് തവണ എംപിയായ ഭർതൃഹരിയെ നിയമിച്ചെന്നായിരുന്നു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ വിമർശനം. എന്നാൽ എന്തുകൊണ്ടാണ് ഭർതൃഹരി മഹ്താബ് ചുമതലയിലേക്ക് എത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു.
കോൺഗ്രസ് പാർട്ടി ഇത്തരത്തിൽ സംസാരിക്കുന്നതിൽ ലജ്ജ തോന്നുന്നുണ്ടെന്നും മറുപടി പറയേണ്ടി വന്നതിൽ ഖേദിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. പ്രോ-ടേം സ്പീക്കറുടെ പദവി താത്കാലികം മാത്രമാണ്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ മാത്രമാണ് പ്രോ-ടേം സ്പീക്കറുടെ കാലാവധി. ഏതെങ്കിലും തരത്തിലുള്ള വ്യാവസായിക ഇടപാടുകൾ ചെയ്യാൻ പ്രോ-ടേം സ്പീക്കർക്ക് സാധിക്കില്ല. വളരെ പരിമിതമായ കാര്യങ്ങൾക്ക് വേണ്ടി മാത്രമുള്ള ചുമതലയാണത്. ഭർതൃഹരി മഹ്താബിനെയാണ് കോൺഗ്രസ് ഇപ്പോൾ എതിർക്കുന്നത്. ഏഴ് തവണ തുടർച്ചയായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് ഭർതൃഹരി. യാതൊരു തരത്തിലുള്ള ഇടവേളകളും ഇതിനിടെ സംഭവിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും മുതിർന്ന പാർലമെന്റംഗം അദ്ദേഹമാണ്. എന്നാൽ കോൺഗ്രസ് ഉന്നയിക്കുന്നത് കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ്. അദ്ദേഹം എട്ട് തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് ശരി തന്നെ. പക്ഷെ, 2004ലും 1998ലും ബ്രേക്ക് സംഭവിച്ചു. നിയമങ്ങളെ കേന്ദ്രസർക്കാർ ലംഘിച്ചുവെന്ന് പറയുന്നവർ നമ്മുടെ നിയമങ്ങൾ യഥാവിധി വായിച്ച് മനസിലാക്കാത്തവരാണ്. പരമ്പരാഗതമായി തുടരുന്ന രീതിയാണ് കേന്ദ്രസർക്കാർ പിന്തുടർന്നിരിക്കുന്നതെന്നും കിരൺ റിജിജു വ്യക്തമാക്കി.
കോൺഗ്രസിന്റെ വിമർശനത്തിന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും മറുപടി നൽകിയിരുന്നു. പ്രോ-ടേം സ്പീക്കറെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് 100ൽ താഴെ സീറ്റുള്ള കോൺഗ്രസ് സംസാരിക്കേണ്ടതില്ല. സ്വന്തം നില എവിടെയാണെന്ന് തിരിച്ചറിഞ്ഞ് പെരുമാറാനാണ് കോൺഗ്രസ് ശ്രമിക്കേണ്ടത്. മുതിർന്ന നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ പ്രതിപക്ഷ നേതാവായി നിയമിക്കാൻ കോൺഗ്രസ് തയ്യറാകണം. മൂന്നാം വട്ടവും പരാജയപ്പെട്ട രാഹുലിനേക്കാൾ അർഹതയുള്ളയാളെ പ്രതിപക്ഷ ചുമതല ഏൽപ്പിക്കണമെന്നും അമിത് മാളവ്യ പറഞ്ഞു.
പാർലമെന്റിന്റെ കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് പ്രോ-ടേം സ്പീക്കറെ നിയമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നുമായിരുന്നു കോൺഗ്രസ് എംപിയെ പിന്തുണച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞത്.















