ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. കഴിഞ്ഞ ജൂൺ 9 ന് നടന്ന പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ ഷെയ്ഖ് ഹസീനയും പങ്കെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് നയതന്ത്ര – ഉഭയകക്ഷി ചർച്ചകൾക്കായി ഷെയ്ഖ് ഹസീന വീണ്ടും ഇന്ത്യയിലെത്തിയത്.
ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ശനിയാഴ്‌ച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
ഉഭയകക്ഷിബന്ധം ശക്തമാക്കുന്ന കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവക്കും. പ്രധാനമന്ത്രിയുമായുള്ള ഉഭയകക്ഷിചർച്ചയ്‌ക്ക് പുറമെ രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ എന്നിവരുമായും കൂടിക്കാഴ്ചയുണ്ടാകും.
#WATCH | Bangladesh PM Sheikh Hasina arrives in New Delhi on a State Visit to India
She was received by MoS External Affairs Kirti Vardhan Singh. pic.twitter.com/rMhPMci166
— ANI (@ANI) June 21, 2024
ദക്ഷിണേഷ്യയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബംഗ്ലാദേശ്. 2022 -23 വർഷത്തിൽ 15 .9 ബില്യൺ ഡോളറാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം. ബംഗ്ലാദേശിന്റെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രം കൂടിയാണ് ഇന്ത്യ. 2022 -23 വർഷത്തിൽ 2 ബില്യൺ ഡോളറിന്റെ ഉത്പ്പന്നങ്ങളാണ് ഇന്ത്യയിലേക്ക് കയറ്റി അയച്ചത്.
സുരക്ഷ, വാണിജ്യം, വ്യാപാരം, ഊർജ്ജം, കണക്റ്റിവിറ്റി,ശാസ്ത്ര സാങ്കേതിക വിദ്യ , പ്രതിരോധം, സമുദ്രകാര്യങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാണ്. അയൽക്കാർ ആദ്യമെന്ന ഇന്ത്യയുടെ വിദേശനയത്തിൽ ബംഗ്ലാദേശിന് പ്രത്യേക പരിഗണനയാണ് ഉളളത്.















