സിനിമ പ്രേമികളെ അത്ഭുതപ്പെടുത്തി കൽക്കി 2898 എഡിയുടെ റിലീസ് ട്രെയിലർ. ഇന്ത്യൻ സിനിമയുടെ അത്ഭുത സൃഷ്ടിയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ബ്രഹ്മാണ്ഡ ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. അമിതാഭ് ബച്ചന്റെയും പ്രഭാസിന്റെയും കമൽഹാസന്റെയുമെല്ലാം കഥാപാത്രങ്ങളിലൂടെയാണ് ട്രെയിലർ കടന്നുപോകുന്നത്. ഗംഭീര വിഷ്വൽസും കോരിത്തരിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിഎഫ്എക്സും നിറഞ്ഞതായിരിക്കും കൽക്കി 2898 എഡി. അത്ഭുതത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ട എന്ന് അടിവരയിട്ട് പറയുന്ന ട്രെയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്.
കാശി, കോംപ്ലക്സ്, ശംഭാള എന്നിങ്ങനെ പേരുള്ള മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കല്‍ക്കി 2898 എഡി’ പറയുന്നത്. പ്രധാന കഥാപാത്രങ്ങളായ ‘അശ്വത്ഥാമാവ്’ ആയി അമിതാഭ് ബച്ചനും ‘യാസ്കിന്’ ആയി കമല്‍ഹാസനും ‘ഭൈരവ’യായി പ്രഭാസും ‘സുമതി’യായി ദീപിക പദുക്കോണും വേഷമിടുന്നു. ചിത്രം റിലീസിനോട് അടുക്കുമ്പോൾ പുറത്തിറക്കിയ ട്രെയിലർ പ്രേക്ഷകരിൽ ആവേശവും അത്ഭുതവും സൃഷ്ടിക്കുകയാണ്.
വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബഹുഭാഷാചിത്രം സയൻസ് ഫിക്ഷൻ- ആക്ഷൻ ജോണറിലാണ് പുറത്തിറങ്ങുന്നത്. ഈ ബിഗ് ബജറ്റ് സിനിമയിലെ മറ്റൊരു ആകർഷണം ബുജ്ജി എന്ന റോബോർട്ടാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ജൂൺ 27-ന് കല്‍ക്കി 2898 എഡി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.