ദിസ്പൂർ: അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ശ്രീനഗറിൽ നടന്ന പരിപാടിയിൽ ഗമോസ ധരിച്ചെത്തിയ മോദിക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. അസമിന്റെ പരമ്പരാഗത വേഷവിധാനമാണ് ഗമോസ. ശ്രീനഗറിലെ ഷേർ- ഇ -കശ്മീർ അന്താരാഷ്‌ട്ര കൺവെൻഷൻ സെന്ററിൽ നടന്ന യോഗാദിന പരിപാടിയിലാണ് അദ്ദേഹം ഗമോസ ധരിച്ചെത്തിയത്. പ്രധാനമന്ത്രി ഇതിനുമുൻപും നിരവധി അവസരങ്ങളിൽ ഗമോസ ധരിച്ചിട്ടുണ്ട്.
“കൃഷ്ണഗുരു സേവാശ്രമത്തിലെ ജനങ്ങളുടെ ആത്മീയ ഭക്തിയും ഐക്യദാർഢ്യവുമാണ് ഗമോസയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഗമോസയോടുള്ള തന്റെ സ്നേഹവും വൈകാരിക അടുപ്പവും ഒരിക്കൽകൂടി പ്രകടിപ്പിച്ചതിന് അസമിലെ ജനങ്ങളുടെയും കൃഷ്ണഗുരു സേവാശ്രമത്തിലെ ഭക്തരുടെയും പേരിൽ ഞാൻ പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കുന്നു,” അസമിലെ തിൻസുകിയയിൽ നടന്ന യോഗാദിന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.
പത്താം അന്താരാഷ്‌ട്ര യോഗാ ദിനമാണ് ഇന്ന് ആചരിച്ചത്. 2015 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന് പുറത്തും അകത്തുമായി വിവിധ സ്ഥലങ്ങളിൽ യോഗാദിനപരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കേന്ദ്ര മന്ത്രിമാരും, വിവിധ സംസ്ഥാന സർക്കാരുകളും സേനാ വിഭാഗങ്ങളും രാജ്യത്തുടനീളം യോഗാദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.