ദുഷാൻബേ: മുസ്ലീം ഭൂരിപക്ഷ-മധ്യേഷ്യൻ രാജ്യമായ താജിക്കിസ്ഥാനിൽ ഹിജാബ് നിരോധിച്ചു. ജൂൺ 19ന് പാർലമെന്റിന്റെ ഉപരിസഭയിൽ ഇതുസംബന്ധിച്ച ബിൽ പാസാക്കി. ഹിജാബിനെ വിദേശീയ വേഷം (“alien garments”) എന്ന് ചൂണ്ടിക്കാട്ടിയാണ് ഗം നിരോധിച്ചത്. ഇതുകൂടാതെ ഈദ് സമയത്ത് മുസ്ലീം സമൂഹത്തിനിടയിൽ കണ്ടുവരുന്ന ഈദി ചടങ്ങും (‘Idi’) രാജ്യത്ത് നിരോധിച്ചു. ഈദുൽ ഫിത്തർ, ഈദ് അൽ-അധ വേളകളിൽ കുട്ടികൾ മുതിർന്നവരിൽ പണം തേടുന്ന ആചാരമാണ് ഈദി.
താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമാലി റഹ്മോൻ ഹിജാബിനെ alien garment എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ബില്ലിന് പിന്തുണ നൽകിയത്. കഴിഞ്ഞ മെയ് എട്ടിന് പാർലമെന്റിന്റെ അധോസഭയിൽ ബിൽ പാസായിരുന്നു. ബിൽ നിയമമായ സാഹചര്യത്തിൽ ഹിജാബ് ധരിക്കുന്നവർക്ക് വൻ തുക പിഴയടയ്‌ക്കേണ്ടതായി വരും. 8,000-65,000 സോമോനി (60,560 – 5 ലക്ഷം രൂപ) വരെയാണ് പിഴത്തുക. മതപരമായ സംഘടനകളിൽ നിന്നുള്ളവരോ സർക്കാർ ഉദ്യോഗസ്ഥരോ നിയമം ലംഘിച്ചാൽ ഉയർന്ന പിഴ ( 3-5 ലക്ഷം രൂപ) അടയ്‌ക്കേണ്ടി വരും.
കഴിഞ്ഞ ഒരു വർഷമായി താജിക്കിസ്ഥാനിൽ അനൗദ്യോഗികമായി ഹിജാബ് നിരോധനം നിലനിന്നിരുന്നു. ഹിജാബ് വിദേശീയ വസ്ത്രമാണെന്നാണ് താജിക്കിസ്ഥാൻ ഭരണകൂടത്തിന്റെ അനുമാനം. ഇസ്ലാമിക വസ്ത്രങ്ങൾ ധരിച്ച് വിദ്യാർത്ഥികൾ സ്കൂളിൽ വരുന്നത് 2007-ൽ തന്നെ രാജ്യത്ത് നിരോധിച്ചിരുന്നു. ഇതോടെയാണ് ഹിജാബിനെതിരായ നീക്കങ്ങൾ താജിക്കിസ്ഥാനിൽ ശക്തമായത്. പാശ്ചാത്യശൈലിയിലുള്ള കുട്ടിപ്പാവാടകളും വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചിരുന്നു. അസർബൈജാൻ, കൊസോവോ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും ഹിജാബ്, ബുർഖ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. പബ്ലിക് സ്കൂളുകളിലും സർവകലാശാലകളിലും ഹിജാബ് ധരിക്കരുത്. സർക്കാർ ഉദ്യോഗസ്ഥരും ഹിജാബ് ധരിക്കരുതെന്ന് നിർദേശമുണ്ട്.