ന്യൂഡൽഹി: CSIR-UGC-NET പരീക്ഷ മാറ്റിവച്ച് ദേശീയ പരീക്ഷാ ഏജൻസി (NTA). ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ച പരീക്ഷയാണ് “ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ” ചൂണ്ടിക്കാട്ടി NTA നീട്ടിവച്ചത്. കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ NET അഥവാ CSIR-UGC-NET പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും NTA വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ UGC-NET പരീക്ഷ റദ്ദാക്കിയിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് CSIR-UGC-NET പരീക്ഷ തീയതി നീട്ടിയത്.
വിദ്യാർത്ഥികൾക്കായി 011- 40759000, 011-69227700 എന്നീ ഹെൽപ് ലൈനുകളും NTA ആരംഭിച്ചിട്ടുണ്ട്. സംശയങ്ങൾ ദൂരീകരിക്കുന്നതിനായി csirnet@nta.ac.in എന്ന വിലാസത്തിലേക്കും മെയിൽ അയക്കാവുന്നതാണ്. ദേശീയ പരീക്ഷാ ഏജൻസിയുടെ https://csirnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ പരീക്ഷാ തീയതി സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിക്കും. ഉദ്യോഗാർത്ഥികൾക്ക് വർഷം തോറും ജൂനിയർ റിസർച്ച് ഫെലോഷിപ്പുകൾ (ജെആർഎഫ്) ലഭിക്കുന്നതിന് ആവശ്യമായ യോഗ്യതയാണ് CSIR-UGC നെറ്റ്.