ലേ: യോഗക്കെതിരായ കുപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കൈകോർത്ത് മതനേതാക്കൾ. ലഡാക്കിലെ ലേയിൽ സംഘടിപ്പിച്ച യോഗാ പരിപാടിയിലാണ് വിവിധ മതനേതാക്കളും പങ്കെടുത്തത്. യോഗയെ മതത്തിന്റെ പേരിൽ അകറ്റിനിർത്താൻ ശ്രമിക്കുന്ന കുപ്രചാരണങ്ങൾക്കുളള മറുപടി കൂടിയായി പരിപാടി.
ഇന്ത്യൻ മൈനോറിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം ലോകത്തിന് നൽകിയ ഏറ്റവും മികച്ച സംഭാവനയാണ് യോഗയെന്ന് മതനേതാക്കൾ ചൂണ്ടിക്കാട്ടി. രാമകൃഷ്ണ മിഷൻ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് സ്വാമി ദയാദീപാനന്ദ ഉൾപ്പെടെയുളളവർ പരിപാടിയിൽ പങ്കെടുത്തു. വിവിധ സ്‌കൂളുകളിൽ നിന്നുളള കുട്ടികളും എത്തിയിരുന്നു.
യോഗയ്‌ക്ക് ഇന്ത്യയിലാണ് തുടക്കമെങ്കിലും അത് പിന്നീട് ചുരുങ്ങിപ്പോയെന്ന് മഹാബോധി ഇന്റർനാഷണൽ മെഡിറ്റേഷൻ സെന്ററിലെ ഭിക്കു സംഘ്‌സേന ചൂണ്ടിക്കാട്ടി. യോഗയുടെ പ്രാധാന്യം ലോകത്ത് വേണ്ടത്ര പ്രചരിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിശ്രമഫലമായി ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും വരെ യോഗ എത്തിക്കാൻ നമുക്ക് കഴിഞ്ഞുവെന്നും ഭിക്കു സംഘ്‌സേന കൂട്ടിച്ചേർത്തു.
ആധുനീക ലോകത്ത് ജീവിതശൈലീ രോഗങ്ങളെപോലും തടയാനുളള കരുത്ത് യോഗയ്‌ക്കുണ്ടെന്ന് സ്വാമി ദയാദീപാനന്ദ കൂട്ടിച്ചേർത്തു.















