മുംബൈ : അടൽ സേതുവിൽ വിള്ളൽ സംഭവിച്ചുവെന്ന തരത്തിൽ കോൺഗ്രസ് നടത്തുന്ന കുപ്രചരണങ്ങളെ തള്ളി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പാലത്തിന് യാതൊരു വിധത്തിലുമുള്ള അപകടമില്ലെന്നും, ദീർഘനാളുകളായി തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് അവർ ഇത്തരത്തിൽ നുണകൾ പ്രചരിപ്പിക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെ ആണ് പാലത്തിൽ വിള്ളലുകളുണ്ടെന്നും, ഇത് അഴിമതിയുടെ ഭാഗമാണെന്നും ആരോപിച്ച് രംഗത്തെത്തിയത്. പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയത്.
” അടൽ സേതുവിൽ ഒരിടത്തും വിള്ളലുകൾ സംഭവിച്ചിട്ടില്ല. നിലവിൽ പുറത്ത് വന്ന ചിത്രം അപ്രോച്ച് റോഡിന്റേതാണ്. നുണകൾ കൊണ്ട് വിള്ളലുകളുണ്ടാക്കാൻ കോൺഗ്രസ് ഏറെ നാളായി പദ്ധതി ഇടുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനാ ഭേദഗതി, ഫോണിലൂടെ വോട്ടിംഗ് മെഷീനുകൾ തുറക്കൽ തുടങ്ങിയ നുണകളാണ് അവർ പ്രചരിപ്പിച്ചത്. ഇപ്പോൾ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി നുണകളുമായി രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ ഈ നീക്കത്തെ ജനങ്ങൾ തന്നെ ചെറുക്കുമെന്നും” ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം പാലത്തിൽ വിള്ളലുകൾ ഉണ്ടായിട്ടില്ലെന്നും, അപ്രോച്ച് റോഡിലാണ് ചെറിയ വിള്ളലുകൾ കണ്ടെത്തിയതെന്നും വ്യക്തമാക്കി മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയും രംഗത്തെത്തി. ഇത് പാലത്തിന്റെ ഭാഗമല്ലെന്നും, പാലത്തെ ബന്ധിപ്പിക്കുന്ന സർവീസ് റോഡാണെന്നും അവർ വ്യക്തമാക്കി. ” ഇപ്പോൾ കണ്ടെത്തിയ വിള്ളലുകൾ ഒരിക്കലും പാലത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയല്ല. പദ്ധതിയുടെ ക്രമക്കേട് കൊണ്ടാണ് റോഡിൽ വിള്ളലുണ്ടായതെന്നത് തെറ്റായ പ്രചരണമാണ്. ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ ജനങ്ങൾ വിശ്വസിക്കരുതെന്നും” എംഎംആർഡിഎ അറിയിച്ചു.















