തായ്‌പേയ്: രാജ്യാതിർത്തിക്ക് ചുറ്റും കഴിഞ്ഞ 24 മണിക്കൂറിനിടെ 36 ചൈനീസ് വിമാനങ്ങളും ഏഴോളം ചൈനീസ് കപ്പലുകളും ട്രാക്ക് ചെയ്തതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ഇതിൽ 34 ചൈനീസ് വിമാനങ്ങൾ തായ്വാന്റെ ഈസ്റ്റേൺ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികൾ സൈന്യം നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വ്യാഴാഴ്ച രാവിലെ ആറ് മണി മുതൽ വെള്ളിയാഴ്ച പുലർച്ചെ ആറ് മണി വരെയുള്ള സമയത്തിനിടെയാണ് ഇത്തരത്തിൽ ചൈനീസ് വിമാനങ്ങളുടേയും കപ്പലുകളുടേയും സാന്നിദ്ധ്യം കണ്ടെത്തിയത്. അതിർത്തി ലംഘനം നടത്തിയ ചൈനീസ് വിമാനങ്ങളെ സൈന്യം പ്രതിരോധിച്ചതായും ഇവർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 11 വിമാനങ്ങളിൽ ഏഴ് എണ്ണം തായ്‌വാൻ കടലിടുക്ക് കടന്നു.
പ്രകോപനപരമായ നീക്കമാണിതെന്നാണ് തായ്‌വാൻ സംഭവത്തെ വിശേഷിപ്പിച്ചത്. 2020 സെപ്തംബർ മുതൽ തായ്‌വാന് ചുറ്റും പിടിമുറുക്കാനുള്ള ശ്രമങ്ങൾ ചൈന ആരംഭിച്ചിരുന്നു. തായ്‌വാന്റെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലേക്ക് വ്യോമ, നാവിക നുഴഞ്ഞുകയറ്റം ചൈന വർദ്ധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ചിൽ മാത്രം 200ലധികം തവണയാണ് ചൈനീസ് സൈനിക വിമാനങ്ങളുടെ സാന്നിദ്ധ്യം തായ്‌വാനിൽ കണ്ടെത്തിയത്.