കൊച്ചി : തക്കാളി വില കുതിച്ചുയരുന്നു . കഴിഞ്ഞ മാസം 50 രൂപയായിരുന്ന തക്കാളി വില ദിവസങ്ങൾക്കുള്ളിലാണ് ഇരട്ടിയായത് . ചില്ലറ വിൽപന വില 120 – 130 രൂപയാണ്. കഴിഞ്ഞ വർഷവും ഇതേ മാസങ്ങളിൽ തക്കാളിവില കുതിച്ചുയർന്നിരുന്നു .
വെള്ളീച്ച ആക്രമണവും അപ്രതീക്ഷിത മഴയുമാണു തക്കാളി വിളവിൽ കുറവു വരുത്തിയതെന്നാണു കർഷകർ പറയുന്നത്. ഏഷ്യയിലെ രണ്ടാമത്തെ വലിയ തക്കാളി വിപണിയായ കർണാടകയിലെ കോലാർ അഗ്രികൾചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയിൽ കഴിഞ്ഞ വർഷത്തെക്കാൾ 2,000 ക്വിന്റൽ കുറവു തക്കാളിയാണു ചൊവ്വാഴ്ച വിൽപനയ്‌ക്ക് എത്തിയത്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള തക്കാളി വരവ് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇതും ദിവസങ്ങൾക്കുള്ളിൽ വില ഇരട്ടിയാകാൻ കാരണമായി . കർണാടകയിൽ തക്കാളി ഉൽപാദനത്തിൽ വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. വില ഇനിയും വർധിക്കാനാണു സാധ്യതയെന്നു വ്യാപാരികൾ പറയുന്നു. ചെറുകിട പച്ചക്കറിക്കടകളിൽ തക്കാളി കിട്ടാനില്ലാത്ത സ്ഥിതിയും ഉണ്ട്
കഴിഞ്ഞ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തക്കാളി വില 200 രൂപയ്‌ക്കു മുകളിൽ എത്തിയിരുന്നു.തക്കാളിക്കൊപ്പം കഴിഞ്ഞ വർഷം റെക്കോർഡ് വിലയിലേക്ക് ഉയർന്ന ഇഞ്ചിയുടെ വില 180 – 200 രൂപയായി വർധിച്ചിട്ടുണ്ട്. വെളുത്തുള്ളി വില 250 രൂപയായി.















