ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ കറൻസിയായി ഇന്ത്യൻ രൂപയെ രേഖപ്പെടുത്തി. ഒന്നാമത് ഹോങ്കോംഗ് ഡോളറാണ്.
കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിവ് രേഖപ്പെടുത്തുമ്പോൾ തന്നെ, മറ്റ് ഏഷ്യൻ കറൻസികളെ അപേക്ഷിച്ച് അത് മെച്ചപ്പെട്ട നിലയിലാണ്. ഇന്നലത്തെ വ്യാപാര സമയം അവസാനിക്കുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 83.55 എന്ന നിലയിലാണ്.
നിക്ഷേപകർ യുഎസ് ഡോളർ കൂടുതൽ വാങ്ങിയതിനാൽ ഈ വർഷം ഇതുവരെ ഹോങ്കോംഗ് ഡോളർ ഒഴികെ എല്ലാ ഏഷ്യൻ കറൻസികളും ഇടിഞ്ഞു.
ബ്ലൂംബെർഗ് ഡാറ്റ പ്രകാരം, ഈ വർഷം ഇതുവരെ, യുഎസ് ഡോളർ സൂചികയിൽ (+) 3.31% വർധനആണ് ഉണ്ടായത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ രൂപയുടെ മൂല്യം(-) 0.45% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ കറൻസിക്ക് പിന്നാലെ ഇത് രണ്ടാമത്തെ മികച്ച പ്രകടനമാണ്. ഹോങ്കോങ് ഡോളർ ഈ വർഷത്തിൽ ഇതുവരെ 0.11% ഉയർന്നു. മറ്റെല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും കറൻസികളുടെ ഇടിവുകൾ വളരെ വലുതാണ്.
ശക്തമായ നിക്ഷേപ ഒഴുക്ക് കാരണം രൂപ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്, യുഎസ് ഫെഡറൽ റിസർവിന്റെ നിരക്ക് വെട്ടിക്കുറയ്‌ക്കൽ നിലപാടും കടപ്പത്രങ്ങളുടെ ഒഴുക്കും, മോദി 3.0 യുടെ 100-ദിന പദ്ധതിയും ആഭ്യന്തര രംഗത്തെ ബജറ്റും രൂപയുടെ ചലനത്തെ നിർണ്ണയിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. അടുത്ത മാസം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് വരും കാലയളവിലെ രൂപയുടെ പ്രകടനത്തെ നിർണ്ണയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ മാസം അവസാനം “കേന്ദ്ര സർക്കാർ ബോണ്ടുകൾ” ജെപി മോർഗൻ ബോണ്ട് സൂചികയിൽ (JPMorgan’s Government Bond Index-Emerging Markets ) ഉൾപ്പെടുത്താൻ പോകുകയാണ്. ജെപി മോർഗന്റെ തീരുമാനത്തെ തുടർന്ന്, കഴിഞ്ഞ സെപ്റ്റംബറിലെ പ്രഖ്യാപനം മുതൽ നമ്മുടെ രാജ്യത്തെ ബോണ്ടുകളിൽ ഒരു ലക്ഷം കോടി രൂപയിലധികം ഒഴുകിയെത്തിയതാണ് രൂപയ്‌ക്ക് ആശ്വാസമായത്.രാജ്യത്തിന്റെ വ്യാപാര പ്രവർത്തനങ്ങളും ആർബിഐയുടെ ഇടപെടലും രൂപയെ സംരക്ഷിക്കാൻ സഹായകമായി.















