കണ്ണൂർ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയതോതിൽ പാർട്ടി വോട്ടുകൾ നഷ്ടമായതിന്റെ ജാള്യത മറയ്‌ക്കാനാണ് സിപിഎം കണ്ണൂരിൽ അക്രമത്തിലേക്ക് നീങ്ങുന്നതെന്ന് ബിജെപി. കഴിഞ്ഞ ദിവസം ബിജെപി പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണന്റെ വീട് വളഞ്ഞ് പാർട്ടി പ്രവർത്തകരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയ സംഭവം ഇതിന്റെ ഭാഗമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് പറഞ്ഞു.
അക്രമരാഷ്‌ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് സിപിഎം ഇനിയും മനസിലാക്കുന്നില്ല. വൃക്കസംബന്ധമായ അസുഖം മൂലം ഏഴ് വർഷമായി ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തകനാണ് ബാലകൃഷ്ണനെന്ന് ജില്ലാ അധ്യക്ഷൻ പറഞ്ഞു. ആ പ്രവർത്തകന്റെ വീട്ടിൽ യോഗം ചേർന്നതിനാണ് ഇരുന്നൂറോളം സിപിഎം പ്രവർത്തകർ രാത്രിയിൽ സംഘടിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കരിവളളൂർ പഞ്ചായത്തിൽ ഒരു ബൂത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് സിപിഎം കോട്ടകളിൽ ബിജെപി നടത്തിയത്. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നത്.
രാത്രി 7.20 ആയപ്പോൾ യോഗം കഴിഞ്ഞ് പങ്കെടുത്തവർ പുറത്തിറങ്ങാൻ നോക്കിയപ്പോഴാണ് ആളുകൾ വീട് വളഞ്ഞതായി കണ്ടത്. 200 ഓളം സിപിഎം ഗുണ്ടകൾ വീട്ടിലേക്ക് വന്ന ആളുകളുടെ വാഹനങ്ങളുടെ താക്കോൽ ഉൾപ്പടെ ഊരിയെടുത്തു. കാറുകളുടെയും ഓട്ടോറിക്ഷയുടെയും ടയറുകളുടെ കാറ്റ് അഴിച്ചുവിട്ടു. ഭീഷണിപ്പെടുത്തി. കാല് വെട്ടും കൈ വെട്ടും എന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് പൊലീസിനെ അറിയിച്ചു. ആദ്യം നാല് പൊലീസുകാർ മാത്രമാണ് വന്നത്. അവർ വന്ന് മൂകസാക്ഷിയായി നിൽക്കുകയായിരുന്നുവെന്നും ബിജെപി ജില്ലാ അധ്യക്ഷൻ കുറ്റപ്പെടുത്തി.
എസ്പിയെ വിളിച്ചിട്ടും ഒരു നടപടിയുമില്ല. ഡിഐജിയെ വിളിച്ചപ്പോൾ ഒരു വണ്ടി പൊലീസിനെ വിട്ടു. പക്ഷെ പൊലീസ് അക്രമത്തിന് വന്നവരുമായി അനുനയ ചർച്ച നടത്തുകയും വീടിന്റെ അകത്തിരിക്കുന്ന ആളുകളുടെ പേര് എഴുതിയെടുക്കുകയുമായിരുന്നു. ഒടുവിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വിളിച്ച് അറിയിച്ച ശേഷം അദ്ദേഹം വിളിച്ചപ്പോഴാണ് കുറച്ചുകൂടി പൊലീസിനെ വിട്ടതെന്ന് എൻ ഹരിദാസ് പറഞ്ഞു.
7 മണിക്ക് തുടങ്ങിയ കൊലവിളി രാത്രി 11 മണിക്കാണ് അവസാനിച്ചത്. 11 മണി വരെ പൊലീസ് ഇവരുമായി അനുനയ ചർച്ച നടത്തുകയായിരുന്നുവെന്നും ഹരിദാസ് പറഞ്ഞു. സംഭവത്തിൽ ബാലകൃഷ്ണന്റെ പരാതിയെ തുടർന്ന് 106 സി പി എം പ്രവർത്തകർക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കരിവെള്ളൂർ സ്വദേശികളായ പ്രശോഭ്, ഗിരീഷ്, പി.രമേശൻ, അരുൺ, സുരേന്ദ്രൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും ആണ് കേസ്.