ചെറിയ പ്രമേയവുമായെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ’ഗുരുവായൂരമ്പല നടയിൽ’ ഒടിടിയി ലേക്ക്. ജൂലൈ ആദ്യത്തെ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ ആകും ചിത്രം ഒടിടിയിൽ എത്തുക. ചിത്രം ആമസോൺ പ്രൈമിലാണ് സ്ട്രീമിംഗ് നടത്തുന്നത്. പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് ആഗോള തലത്തിൽ 90 കോടിയോളം കളക്ഷൻ നേടാനായി.
മെയ് 16-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ക്ലീൻ എന്റർടൈയ്നർ ജോണറിലാണ് ഗുരുവായൂരമ്പല നടയിൽ ചിത്രീകരിച്ചിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ടിട്ടുള്ള അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
വിപിൻ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ 4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമിച്ചത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയായിരുന്നു ഇത്.















