കൊച്ചിമെട്രോ തൃശൂരിലേക്കും നീട്ടാൻ കഴിയുന്ന വികസന സ്വപ്നമാണ് എന്റേത്; കഥകളിയെ ദേശീയതലത്തിൽ പ്രദർശിപ്പിക്കും; സുരേഷ് ഗോപി

Published by
Janam Web Desk

തിരുവനന്തപുരം: കൊച്ചിമെട്രോ തൃശൂരിലേക്കും നീട്ടാൻ കഴിയുന്ന വികസന സ്വപ്‌നമാണ് തനിക്കുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ടൂറിസം കേന്ദ്രങ്ങളിൽ കാലാനുസൃതമായ വികസനമാണ് വരേണ്ടത്. കഥകളിയെ ദേശീയതലത്തിൽ പരിപോഷിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ജനം ടിവിയുടെ ‘ദ ബിഗ് ഇന്റർവ്യൂ’വിൽ ചീഫ് എഡിറ്റർ പ്രദീപ് പിളളയുമായി ഭാവി പരിപാടികൾ പങ്കുവെയ്‌ക്കുകയായിരുന്നു അദ്ദേഹം.

” തൃശൂർ വരെ നീട്ടാൻ കഴിയുന്ന ഒരു മെട്രോ പദ്ധതിയാണ് എന്റെ മനസിലുള്ളത്. പാലിയേക്കര വരെ ആ പദ്ധതി നീളും. അതിന് മുമ്പായി നെടുമ്പാശേരി വഴി അങ്കമാലി വരെ നീട്ടണം. ഡൽഹി മെട്രോ മോഡലാണ് എന്റെ മനസിലുള്ള മാതൃക. ഡൽഹി മെട്രോ സർവീസ് മറ്റ് സംസ്ഥാനങ്ങളിലേക്കും നീളുന്നു. യുപിയിലേക്കും ഹരിയാനയിലേക്കും സർവീസ് നടത്തുന്നു. അത്തരത്തിൽ മറ്റ് ജില്ലകളെയും ബന്ധിപ്പിക്കുന്ന ഒരു മെട്രോ സർവീസാണ് ഞാൻ കേരളത്തിൽ ആഗ്രഹിക്കുന്നത്.”- സുരേഷ് ഗോപി പറഞ്ഞു.

ടൂറിസം മേഖലയിൽ വരുത്താൻ ആഗ്രഹിക്കുന്ന മറ്റ് മാറ്റങ്ങളെയും വികസന പ്രവർത്തനങ്ങളെയും സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയെ മറ്റ് സംസ്ഥാനങ്ങളിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സീസണൽ ഡിസ്‌പ്ലേയായി മണിപ്പൂർ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിൽ കലാകാരന്മാർക്ക് കഥകളി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കി നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ടൂറിസം മേഖലയെ മറ്റൊരു തലത്തേക്ക് മാറ്റിയെടുക്കേണ്ടതുണ്ട്. മാറ്റങ്ങൾക്ക് അനുസൃതമായി വികസന പ്രവർത്തനങ്ങൾ ടൂറിസം മേഖലയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും ഓരോ ടൂറിസം മേഖലകളിലും സീസണലായി മാറ്റങ്ങൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Share
Leave a Comment