സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. ഹാർദിക് പാണ്ഡ്യ ടൂർണമെന്റിലെ ആദ്യ അർധ സെഞ്ച്വറി നേടി. ആൻ്റിഗ്വയിലെ ഏറ്റവു ഉയർന്ന ടീം ടോട്ടലാണ് ഇന്ത്യ ഇന്ന് കുറിച്ചത്.
ആദ്യ വിക്കറ്റിൽ കോലിയും രോഹിതും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. നന്നായി തുടങ്ങിയ രോഹിത് (11 പന്തിൽ 23) ഷക്കിബ് അൽ ഹസന്റെ പന്തിൽ കൂറ്റൻ അടിക്ക് ശ്രമിച്ച് പുറത്തായി. കോലിയും പന്തും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. 32 റൺസിന്റെ കൂട്ടുക്കെട്ടാണ് ഇവരും ചേർന്ന് ഉയർത്തിയത്. എന്നാൽ എട്ടാം ഓവറിൽ കോലിയെയും(37) സൂര്യകുമാറിനെയും(6) മടക്കി തൻസിം ഹസൻ ഇന്ത്യക്ക് ഷോക്ക് നൽകി.
പിന്നീട് താളം കണ്ടെത്തിയ പന്തും (34) മടങ്ങി. ശേഷം ക്രീസിലൊന്നിച്ച ഹാർദിക് പാണ്ഡ്യ- ശിവം ദുബെ സഖ്യം (34) കരുതലോടെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഇന്നിംഗ്സിലേക്ക് 34 പന്തിൽ 53 റൺസാണ് ഇരുവരും സംഭാവന ചെയ്തത്. തുടർച്ചയായി സിക്സ് പറത്താനുള്ള ശ്രമത്തിനിടെ ദുബെയെ റിഷാദ് ഹൊസൈൻ ബൗൾഡാക്കി. എന്നാൽ ഹാർദിക് (27 പന്തിൽ 50) തകർത്തടിച്ച് സ്കോർ 190 കടത്തി.















