ഇടുക്കി: അടിമാലിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. ശല്യംപാറ സ്വദേശി മൊയ്തീൻകുഞ്ഞുവിനാണ് വെട്ടേറ്റത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും അയൽവാസിയുമായ കെ പി ഹനീഫ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് മൊയ്തീൻകുഞ്ഞു പറഞ്ഞു. കയ്യിന് വെട്ടേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭൂമിയുടെ അതിർത്തി സംബന്ധിച്ചുള്ള തർക്കങ്ങൾ ഇരുവർക്കിടയിലും നിലനിന്നിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ മൊയ്തീൻകുഞ്ഞു, ഹനീഫയുടെ വീട്ടുകാരുമായി തർക്കിച്ചിരുന്നു. വൈകുന്നേരം സംഭവമറിഞ്ഞെത്തിയ ഹനീഫ വീട്ടുമുറ്റത്തിരുന്നിരുന്ന മൊയ്തീൻകുഞ്ഞുവിനെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിൽ വെട്ടാനാണ് ഹനീഫ ശ്രമിച്ചതെന്ന് മൊയ്തീൻകുഞ്ഞു പറഞ്ഞു.
ആക്രമണം ചെറുക്കുന്നതിനിടെ കയ്യിന് വെട്ടേൽക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മൊയ്തീൻകുഞ്ഞുവിനെ ആശുപത്രിയിലെത്തിച്ചത്. ഹനീഫയുടെ രാഷ്‌ട്രീയ സ്വാധീനത്താൽ അറസ്റ്റ് നീണ്ടുപോവുകയാണെന്നും മൊയ്തീൻകുഞ്ഞുവിന്റെ ബന്ധുക്കൾ ആരോപിച്ചു.















