സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ഔൾ റൗണ്ട് പ്രകടനവുമായി വമ്പൻ ജയത്തോടെ സെമി ഏറെക്കുറെ ഉറപ്പിച്ച് ഇന്ത്യ. 50 റൺസിന്റെ ജയമാണ് സ്വന്തമാക്കിയത്. 196 വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റ് പിഴുത കുൽദീപാണ് ബംഗ്ലാദേശിന്റെ നട്ടെല്ലൊടിച്ചത്. ബംഗ്ലാദേശ് നിരയിൽ ക്യാപ്റ്റൻ ഷാന്റോ (40) മാത്രമാണ് തിളങ്ങിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ബംഗ്ലാദേശിനെ അത് മുതലെടുക്കാൻ സമ്മതിക്കാതെ ഇന്ത്യ ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു.
സ്കോർ 35 നിൽക്കെ ലിറ്റൺ ദാസിനെ വീഴ്‌ത്തി ഹാർദിക് ആണ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 13 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. തൻസിദ് ഹസനും ഷാൻ്റോയും ചേർന്ന കൂട്ടുക്കെട്ട് ഭീഷണിയാകുമെന്ന് കരുതിയിരിക്കെയാണ് കുൽദീപിന്റെ എൻട്രി. 29 റൺസെടുത്ത തൻസിദിനെ വിക്കറ്റിന് മുന്നിൽ കുടുക്കി കുൽദീപ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. താെട്ടുപിന്നാലെ തൗഹിദ് ഹൃദോയിയും (4) കൂടാരം കയറി. കുൽദീപനായിരുന്നു വിക്കറ്റ്.
11 റൺസെടുത്ത് നിലയുറപ്പിക്കാൻ തുടങ്ങിയ ഷാക്കിബ് അൽ ഹസനെയും പുറത്താക്കി ബംഗ്ലാദേശിനെ തകർച്ചയിലേക്ക് തള്ളിവിടാനും കുൽദീപിനായി. ജാകെർ അലി(1), റിഷാഗദ് ഹൊസൈൻ (24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ബുമ്രയ്‌ക്ക് രണ്ടും അർഷദീപിനും ഹാർദിക് പാണ്ഡ്യക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.