തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ കണക്കിലെടുത്ത് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിൽ റെഡ് അലർട്ടും കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറഞ്ച് അലർട്ടും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെയായി ന്യൂനമർദപാത്തി തുടരുകയാണ്. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റും ശക്തി പ്രാപിക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ വീണ്ടും ശക്തി പ്രാപിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യത. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മലയോരമേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.