തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ മൂന്നാം പരീക്ഷണ ലാൻഡിംഗും വിജയം. കർണാടകയിലെ ചിത്രദുർഗയിൽ ഡിആർഡിഒ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7 .10 ഓടെയായിരുന്നു ലാൻഡിംഗ്.
പുഷ്പക് എന്ന് പേരിട്ട പേടകം ചിനൂക്ക് ഹെലികോപ്റ്ററിൽ നാലര കിലോമീറ്റർ ഉയരത്തിൽ എത്തിച്ചശേഷം താഴേക്ക് ഇടുകയായിരുന്നു. പേടകം സ്വയം ദിശയും വേഗവും നിയന്ത്രിച്ചാണ് റൺവേയിൽ ലാൻഡ് ചെയ്തത്. യാത്രാപഥം കൃത്യമായി പഠിക്കുവാനായി സ്‌മോക്ക് ട്രാക്കിംഗ് സിസ്റ്റവും ഐഎസ്ആർഒ ദൗത്യത്തിൽ ഉപയോഗിച്ചിരുന്നു.
ആർഎൽവിയുടെ ആറ് മടങ്ങു വലിപ്പമുള്ള ഓആർഎൽവി പേടകത്തെയാണ് അടുത്തതായി ഐഎസ്‌ആർഒ ബഹിരാകാശത്തെത്തിക്കാൻ ലക്ഷ്യമിടുന്നത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഐഎസ്‌ആർഒയുടെ സ്പെയ്സ് പ്ലെയിൻ ആയി ഈ പ്ലാറ്റ്ഫോമിനെ മാറ്റുകയാണ് ലക്ഷ്യം. തിരുവന്തപുരത്തെ വിക്രം സാരാഭായ് സ്പെയ്സ് സെന്ററാണ് ഈ ദൗത്യത്തിൽ പ്രധാന പങ്കുവഹിക്കുന്നത്.















