കൊച്ചി: സൈക്കിൾ കള്ളനെ പിടികൂടാൻ നാട്ടുകാർ മുന്നിട്ടിറങ്ങിയപ്പോൾ അവന്തികയ്‌ക്ക് തിരികെ ലഭിച്ചത് മന്ത്രി സമ്മാനിച്ച തന്റെ പുത്തൻ സൈക്കിൾ. ഇത് രണ്ടാം തവണയാണ് അവന്തികയുടെ സൈക്കിൾ മോഷണം പോകുന്നത്. ആദ്യ സൈക്കിൾ നഷ്ടപ്പെട്ട വിഷമത്തിലിരിക്കുമ്പോൾ കഴിഞ്ഞ പ്രവേശനോത്സവ ദിനത്തിലാണ് അവന്തികയ്‌ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുതിയ സൈക്കിൾ സമ്മാനിച്ചത്. ഇതാണ് വെള്ളിയാഴ്ച മോഷണം പോയത്.
സംഭവത്തിൽ അവന്തികയും പിതാവും പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. എന്നാൽ വീടിന് സമീപത്തെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നാട്ടുകാർ തന്നെ കള്ളനെ പിടികൂടുകയായിരുന്നു. മഴക്കോട്ട് ധരിച്ചെത്തിയ കള്ളൻ സൈക്കിളിന്റെ പൂട്ട് തകർത്ത് അതുമായി കടന്നുകളയുന്ന ദൃശ്യങ്ങളാണ് സിസി ടിവിയിൽ പതിഞ്ഞത്. കള്ളനായി വലവിരിച്ച് കാത്തിരുന്ന നാട്ടുകാർ ഇയാളെ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ആലപ്പുഴ, ആറാട്ടുവഴി സ്വദേശി തൈപ്പറമ്പിൽ വീട്ടിൽ ഷാജിയാണ് സൈക്കിൾ മോഷ്ടാവ്. ഇയാൾ മോഷ്ടിച്ച സൈക്കിൾ ഫോർട്ട്കൊച്ചി സ്വദേശിക്ക് വിറ്റിരുന്നു. തുടർന്ന് പൊലീസ് സൈക്കിൾ വീണ്ടെടുത്ത് അവന്തികയ്‌ക്ക് തിരികെ നൽകുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.