തിരുവനന്തപുരം: മാനന്തവാടിയിലെ എംഎൽഎയായ ഒ.ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ന് നാല് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും ഒ. ആർ കേളുവിന്റെ വയനാട്ടിൽ നിന്നുള്ള ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. വയനാട് ജില്ലയ്‌ക്ക് ആദ്യമായാണ് പിണറായി മന്ത്രി സഭയിൽ നിന്നും ഒരു മന്ത്രിയെ ലഭിക്കുന്നത്.
മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ എംപിയായതിനെ തുടർന്നാണ് ഒ. ആർ കേളു പകരക്കാരനായി എത്തിയത്. പട്ടിക ജാതി- പട്ടിക വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുക. എന്നാൽ മന്ത്രിയായിരുന്ന രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് പട്ടിക വർഗകാരനായ ഒ. ആർ കേളുവിന് നൽകാത്തതിൽ ഗോത്രവർഗ സമുദായങ്ങളിൽ നിന്നും നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ദേവസ്വം വകുപ്പിന്റെ ചുമതല വാസവനും പാർലമെന്ററി കാര്യ വകുപ്പ് എംപി രാജേഷിനുമാണ് നൽകിയിരിക്കുന്നത്.















