കണ്ണൂർ: കണ്ണൂരിനെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും സ്ഫോടനം. പാനൂർ ചെണ്ടയാട് റോഡിലാണ് സ്ഫോടക വസ്തു പൊട്ടിത്തറിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പൊട്ടിത്തെറിച്ചത് ഏറുപടക്കമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആരാണ് എറിഞ്ഞതെന്നതിൽ വ്യക്തതയില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം പൊട്ടിത്തെറികളുണ്ടാവുന്നത് ആശങ്കയിലാഴ്ത്തുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം കണ്ണൂരിലെ ന്യൂമാഹിയിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് തലശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിൽ നിന്ന് ബോംബ് കണ്ടെത്തിയത്.
ഇന്നലെ കൂത്തുപറമ്പിൽ നിന്നും ബോംബുകൾ കണ്ടെത്തിയിരുന്നു. സ്റ്റീൽ ബോംബുകൾ വയ്ക്കുന്നതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ഉയർന്നുവരുന്ന ആരോപണം.