ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് സിബിഐ. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പരാതിയെ തുടർന്നാണ് വിഷയത്തിൽ സിബിഐ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും സിബിഐ നിയോഗിച്ചു. ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സംഘം തിരിഞ്ഞ് അന്വേഷണം നടത്തും.
കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. പിന്നാലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തവരെ സിബിഐ കസ്റ്റഡിയിൽ വാങ്ങും. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം പൊതു പരീക്ഷകളിൽ ക്രമക്കേട് തടയുന്ന പബ്ലിക് എക്സാമിനേഷൻ പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് ആക്ട് 2024 പ്രാബല്യത്തിൽ വന്നിരുന്നു. പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനും വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധരാണെന്നും, ക്രമേക്കേടിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും സംഘങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.
രാജ്യത്ത് ഏകീകൃതമായി നടത്തുന്ന പരീക്ഷകൾ സുതാര്യവും സുഗമവുമാണെന്ന് ഉറപ്പുവരുത്താൻ വിദഗ്ദ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ട്. ഐസ്ആർഒ മുൻ ചെയർമാൻ ഡോ കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ സമിതി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകും.















