റായ്പൂർ: മാവോയിസ്റ്റുകൾ സൂക്ഷിച്ച വ്യാജ കറൻസി ശേഖരം പിടികൂടി സുരക്ഷാസേന. ഛത്തീസ്ഗഡിലെ സുക്മയിലാണ് സംഭവം. 50, 100, 200, 500 രൂപയുടെ വ്യാജനോട്ടുകളും ഇത് പ്രിന്റ് ചെയ്യാനുള്ള ഉപകരണവും മഷിയും സുരക്ഷാസേന കണ്ടെടുത്തു.
മാവോയിസ്റ്റുകൾ വ്യാജകറൻസി അച്ചടിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കൊരജ്ഗുഡയ്ക്ക് സമീപമുള്ള മലമ്പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തതെന്ന് സുക്മ ജില്ലാ പൊലീസ് സൂപ്രണ്ട് കിരൺ ചവാൻ അറിയിച്ചു.
നേരത്തെ സുക്മയിൽ മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. CoBRA 201 ബറ്റാലിയനിലെ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരാൾ മലയാളിയാണ്. തിരുവനന്തപുരം പാലോട് സ്വദേശിയായ വിഷ്ണു ആർ ആണ് കൊല്ലപ്പെട്ടത്. ഇയാൾ വാഹനത്തിന്റെ ഡ്രൈവറായിരുന്നുവെന്നാണ് വിവരം. മറ്റൊരു ജവാൻ യുപി സ്വദേശിയാണ്.