ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ ഇതുവരെയും പ്രതികരിക്കാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വ്യാജമദ്യം കുടിച്ച് ദളിതർ മരിക്കുമ്പോഴും കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വ്യാജമദ്യ ദുരന്തത്തിൽ 56 പേരാണ് ഇതുവരെ മരിച്ചത്. 200-ലധികം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വ്യാജമദ്യ ദുരന്തത്തിൽ മരിച്ചതും ചികിത്സയിൽ കഴിയുന്നതുമായ ആളുകളിൽ ഭൂരിഭാഗം പേരും പട്ടികജാതി- പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. തമിഴ്‌നാട് സർക്കാരിന്റെ മാർക്കറ്റിംഗ് കോർപ്പറേഷനിലൂടെ വിൽപ്പന നടത്തിയ മദ്യമാണ് ദുരിതം വിതച്ചത്. സംഭവത്തിൽ കോൺഗ്രസിന്റെ മൗനമാണ് എന്നെ ഞെട്ടിച്ചത്. മല്ലികാർജുൻ ഖാർഗെയും രാഹുലും എവിടെ? വ്യാജമദ്യം കുടിച്ച് ദളിതർ മരിക്കുമ്പോൾ ഇരുവരും പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ല”. കേന്ദ്രമന്ത്രി പറഞ്ഞു.
സംഭവത്തിൽ പാർലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്ക് സമീപം ഇൻഡി മുന്നണിയിലെ അംഗങ്ങൾ ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തുമെന്നാണ് കരുതുന്നതെന്ന് ബിജെപി പറഞ്ഞു. സർക്കാർ സ്‌പോൺസേഡ് കൊലപാതകമാണ് കള്ളക്കുറിച്ചിയിലേതെന്ന് ബിജെപി എംപി സംബിത് പത്ര പറഞ്ഞു. മല്ലികാർജുൻ ഖാർഗെ, രാഹുൽ, പ്രിയങ്ക, സോണിയ, ഡിഎംകെ നേതാക്കൾ, ഇൻഡി മുന്നണിയിലെ മറ്റ് ഘടകകക്ഷികൾ എന്നിവരുടെ നിശബ്ദത ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിലാണ് ഇൻഡി മുന്നണിയുടെ ഭാഗമായ കോൺഗ്രസ്.