ശ്രീനഗർ: ജമ്മുകശ്മീരിലുള്ള 40- ഓളം വിദേശ ഭീകരരെ സുരക്ഷാ സേന തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. രജൗരി, പൂഞ്ച്, കത്വാ മേഖലകളിലാണ് പാകിസ്താനിൽ നിന്നുള്ള ഭീകരർ സജീവമായി പ്രവർത്തിക്കുന്നത്. രണ്ടോ മൂന്നോ പേർ ഉൾപ്പെടുന്ന ഗ്രൂപ്പുകളായി ഭീകരവാദ പ്രവർത്തനം നടത്തുന്ന ഇവർക്ക് പ്രാദേശിക സഹായവും ലഭിക്കുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
സൈന്യവും സുരക്ഷാ ഏജൻസികളും രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും നുഴഞ്ഞുകയറ്റം ഇല്ലാതാക്കാൻ ഭീകരവാദ വിരുദ്ധ ഗ്രിഡ് കർശനമാക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തിയിൽ നിരീക്ഷണം വിപുലീകരിക്കുന്നതിലും ഭീകരവാദ വിരുദ്ധ ഗ്രിഡിന്റെ രണ്ടാംനിര ശക്തിപ്പെടുത്തുന്നതിലും സുരക്ഷാ സേന പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭീകരർക്ക് ലഭിക്കുന്ന പ്രാദേശിക പിന്തുണ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് സുരക്ഷാസേന അറിയിച്ചു.
പ്രദേശത്തെ സുരക്ഷ ശക്തമാക്കുന്നതിനായി കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 200ലധികം കവചിത സംരക്ഷിത വാഹനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജമ്മുകശ്മീരിൽ 2023ൽ 43 ഭീകരാക്രമണങ്ങളും 2024- ൽ ഇതുവരെ 20 ഭീകരാക്രമണങ്ങളുമാണ് നടന്നത്. അന്താരാഷ്‌ട്ര അതിർത്തി, നിയന്ത്രണ രേഖ എന്നീ മേഖലകളിലൂടെ കശ്മീരിലേക്ക് കടക്കാനുള്ള ഭീകരരുടെ ശ്രമത്തെയാണ് സൈന്യം ശക്തായി പ്രതിരോധിക്കുന്നത്.















