റായ്പൂർ: സുക്മ ഭീകരാക്രമണത്തെ അപലപിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി. ബസ്തറിൽ നടക്കുന്ന മാവോയിസ്റ്റ് ഉന്മൂലന കാമ്പയിനെ തുടർന്ന് പ്രകോപിതരായവരുടെ ഭീരുത്വ നടപടിയാണിതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രതികരിച്ചു. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ സുക്മയിൽസിആർപിഎഫ് വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ കോബ്ര 201 ബറ്റാലിയൻ ജവാന്മാരായ രണ്ട് പേരാണ് വീരമൃത്യു വരിച്ചത്. ഇതിലൊരാൾ മലയാളിയാണ്. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവറായ വിഷ്ണുവും ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾ ശൈലേന്ദ്രയുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുഴിബോംബ് സ്ഫോടനമായിരുന്നു. പൊട്ടിത്തെറിയിൽ ട്രക്ക് പൂർണമായും തകർന്നു.
ആക്രമണത്തിൽ വീരമൃത്യു വരിച്ച വിഷ്ണു തിരുവനന്തപുരം പാലോട് സ്വദേശിയാണ്. 35 വയസായിരുന്നു. ശൈലേന്ദ്ര യുപി സ്വദേശിയാണ്. കാൺപൂരാണ് ജന്മദേശം. സുക്മ ജില്ലയിലെ ജഗർഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു ആക്രമണം നടന്നത്. സംഭവസ്ഥലത്ത് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.