ആപ്പിൾ വാങ്ങുമ്പോൾ അതിൽ സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? സ്റ്റിക്കറിൽ ചില നമ്പറുകളും എഴുതിയിട്ടുണ്ടാകും. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്? നോക്കാം..
ആപ്പിളിന്റെ ഗുണനിലവാരമാണ് സ്റ്റിക്കറിൽ സൂചിപ്പിക്കുന്നത്. ഒപ്പം ഏതുരീതിയിലാണ് അവ വിളയിച്ചതെന്നും സ്റ്റിക്കറിലെ നമ്പറുകൾ സൂചിപ്പിക്കുന്നു. ചില സ്റ്റിക്കറുകളിൽ 4 ഡിജിറ്റ് നമ്പർ കാണാം. കീടനാശിനികളും രാസവസ്തുക്കളും ഉപയോഗിച്ച് വിളയിച്ച ആപ്പിളിന് മുകളിലാണ് നാലക്ക നമ്പറുള്ള സ്റ്റിക്കർ പതിപ്പിക്കുക.
മറ്റ് ചില ആപ്പിളുകളിൽ എട്ട് എന്ന സംഖ്യയിൽ തുടങ്ങുന്ന അഞ്ച് ഡിജിറ്റ് അടങ്ങിയ നമ്പർ കാണാം. ഇത്തരം ആപ്പിളുകൾ പൂർണമായും പ്രകൃതിദത്തമല്ലെന്നാണ് അർത്ഥം. ജനിതകമാറ്റം വരുത്തി വിളയിച്ചെടുത്ത ആപ്പിളുകളിലാണ് എട്ടിൽ തുടങ്ങുന്ന അഞ്ച് അക്ക നമ്പർ പതിപ്പിക്കുക. കീടനാശിനി തെളിച്ച് വിളയിച്ച ആപ്പിളിനേക്കാൾ ഇവയ്‌ക്ക് വില കൂടുതലായിരിക്കും.
വേറെ ചില ആപ്പിളുകളിൽ ഒമ്പത് എന്ന സംഖ്യയിൽ തുടങ്ങുന്ന അഞ്ചക്ക നമ്പർ കാണാം. ഇത്തരം ആപ്പിളുകൾ പ്രകൃതിദത്തവും കീടനാശിനിയും രാസവസ്തുക്കളും ഉപയോഗിക്കാതെ വിളയിച്ചതായിരിക്കും. സുരക്ഷിതമായതിനാൽ ഇവയ്‌ക്ക് വിലയും അധികമാകും.
ഓരോ സ്റ്റിക്കറിനും വ്യത്യസ്തമായ അർത്ഥമൊക്കെയുണ്ടെങ്കിലും ചില വ്യാപാരികൾ വ്യാജ സ്റ്റിക്കറുകൾ ഉണ്ടാക്കി ആപ്പിളുകൾ ഒട്ടിക്കുന്നതും പതിവാണ്. എക്സ്പോർട്ട് ക്വാളിറ്റിയുള്ള പഴമാണെന്നും ഗുണനിലവാരം കൂടിയതാണെന്നും ഉപഭോക്താക്കളെ വിശ്വസിപ്പിക്കാൻ ചിലർ വ്യാജ സ്റ്റിക്കർ പതിപ്പിക്കും. കൂടാതെ ആപ്പിളിലുള്ള കേടുപാടുകൾ മറയ്‌ക്കാനും സ്റ്റിക്കർ ഒട്ടിച്ചുവയ്‌ക്കുന്നവരുണ്ട് എന്നുള്ളതും മറ്റൊരു യാഥാർത്ഥ്യമാണ്.















